മതനിരപേക്ഷത തകർക്കാനും വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും അതുവഴി കലാപമുണ്ടാക്കാനുമാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അർത്തുങ്കൽ ബസലിക്കയ്ക്കു സമീപം സംഘടിപ്പിച്ച വർഗീയ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീകൃഷ്ണനെയും മറ്റു ദൈവങ്ങളെയും ആരാധിക്കുന്നവർ ക്ഷേത്രങ്ങളിലാണു പോകുന്നത്. എന്നാൽ, ക്ഷേത്രങ്ങളിലെ ദൈവങ്ങളെ പുറത്തു കൊണ്ടുവന്ന് ആർഎസ്എസ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നു. മതസൗഹാർദത്തിനു പേരുകേട്ട അർത്തുങ്കൽ ബസലിക്കയെക്കുറിച്ചും അനാവശ്യകാര്യങ്ങൾ പറഞ്ഞു വർഗീയത സൃഷ്ടിക്കാനാണ് ഇവരുടെ നീക്കം. ഇങ്ങനെ വർഗീയ ചേരിതിരിവു സൃഷ്ടിച്ചു കലാപമുണ്ടാക്കാനുള്ള ആർഎസ്എസിന്റെ ശ്രമത്തിനെതിരേ സിപിഎം ശക്തമായ പ്രതിരോധം തീർക്കുന്നതിനാൽ കേരളത്തിൽ ആർഎസ്എസിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നടപ്പാക്കാനാകുന്നില്ല. മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധിക്കപ്പെട്ട സംഭവത്തെ അപലപിക്കാൻപോലും പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും തയാറായില്ല. എതിർക്കുന്നവരെ കൊന്നൊടുക്കുന്ന സമീപനമാണ് അവർ സ്വീകരിച്ചിരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.