ഐടി ജീവനക്കാർക്കു മാത്രമായി ക്ഷേമനിധി ബോർഡ് രൂപീകരണം ; മുഖ്യമന്ത്രി

സംസ്ഥാനത്തെ ഒരു ലക്ഷത്തോളം വരുന്ന ഐടി ജീവനക്കാർക്കായി ക്ഷേമനിധി ബോർഡ് രൂപീകരിക്കുന്ന കാര്യം സർക്കാർ ആലോചിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഐടി ജീവനക്കാരുടെ ക്ഷേമ പദ്ധതികൾ ഉൾപ്പെടുത്തി ജീവനക്കാരുടെ സാമൂഹിക- സാംസ്കാരിക സംഘടനയായ പ്രതിധ്വനി നിവേദനം സമർപ്പിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ക്ഷേമനിധി ബോർഡ് ഐടി എംപ്ലോയീസ് സോഷ്യൽ സെക്യൂരിറ്റി ബോർഡ് എന്ന പേരിൽ രൂപീകരിക്കണമെന്നായിരുന്നു പ്രതിധ്വനിയുടെ ആവശ്യം. നിലവിലുള്ള കേരളാ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമപദ്ധതിയിലാണു നിലവിൽ ഐടി ജീവനക്കാർ വിഹിതം അടയ്ക്കുന്നത്. ഐടി ജീവനക്കാർക്കു മാത്രമായുള്ള ക്ഷേമ പദ്ധതി വിവര സാങ്കേതിക മേഖലക്കു അനുയോജ്യമാകുന്ന രീതിയിൽ നടപ്പാക്കണം. അസംഘടിത സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരുടെയും വരുമാനം ഉയർന്നതാണെന്ന തെറ്റിദ്ധാരണയുള്ളതിനാലും ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വത്തിനു വേണ്ടി ഇന്നുവരെ സർക്കാരുകൾ പദ്ധതികളൊന്നും ആലോചിച്ചിട്ടില്ല.