ഇതാണോ ഓണത്തല്ല് "വീഡിയോ കാണാം ::: തളിപ്പറന്പിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിന് ക്രൂരമർദ്ദനം

കണ്ണൂർ: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ രണ്ടംഗ സംഘം ക്രൂരമായി മർദ്ദിച്ചു. കണ്ണൂർ ജില്ലയിലെ തളിപ്പറന്പിലാണ് കേരളത്തിന് അപമാനകരമായ സംഭവങ്ങൾ അരങ്ങേറിയത്. മർദ്ദനമേറ്റ യുവാവും മലയാളിയാണ്. മൊബൈൽ ഫോണ്‍ മോഷണം ആരോപിച്ചാണ് തളിപ്പറന്പിൽ ക്രൂരകൃത്യം അരങ്ങേറിയത്. യുവാവിനെ മർദ്ദിക്കുന്ന രണ്ടംഗ സംഘം മൊബൈൽ ഫോണ്‍ മോഷണം പോയെന്ന് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് മർദ്ദനമേറ്റ യുവാവിനെ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്തു. ഇയാൾ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി പോലീസ് വിട്ടയച്ചതോടെ പരാതിക്കാർ സ്റ്റേഷന് പുറത്തുവച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. യുവാവിനെ മർദ്ദിക്കുന്നത് കണ്ട് പ്രദേശവാസികൾ ഓടിക്കൂടി ചോദ്യം ചെയ്തു. ഇതോടെ രണ്ടംഗ സംഘം മോഷണക്കുറ്റം ആരോപിക്കുന്ന യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വയറിന് ചവിട്ടേറ്റ് യുവാവ് നിലവിളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. മർദ്ദനമേറ്റ യുവാവിനെ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങി. മർദ്ദിച്ച രണ്ടംഗ സംഘത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. മർദ്ദിച്ചവരുടെ പേരും പോലീസ് പുറത്തുവിട്ടിട്ടില്ല