മാവേലിയെ തെരുവുകളിലും ടെലിവിഷനുകളിലും കോമാളിയായി ചിത്രീകരിക്കുന്നു: കെ.പ്രകാശ്ബാബു പത്തനാപുരം: എല്ലാ നന്മയുടെയും പ്രതീകമായ മാവേലിയെ തെരുവുകളിലും ടെലിവിഷനുകളിലും ഇന്ന് കോമാളിയായി ചിത്രീകരിക്കപ്പെടുന്നുവെന്ന് സിപിഐ സംസ്‌ഥാന അസിസ്റ്റന്റ് സെക്രട്ടറി എ.കെ.പ്രകാശ്ബാബു. ഗാന്ധിഭവനിൽ നടന്ന ഓണാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓണം കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷിക്കുവാൻ ഭാഗ്യം ലഭിക്കാത്ത നിരവധി ആളുകൾ ഉണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മാത്രം 1200 ഓളം പേരാണ്. നമ്മൾ വിഭവസമൃദ്ധമായ സദ്യയുമുണ്ട് ഓണം ആഘോഷിക്കുമ്പോൾ കിടപ്പാടമില്ലാതെ ഇന്നും കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നത്. നിരവധി അശരണർക്ക് തണലേകുന്ന ബോധിവൃക്ഷമായി വളർന്നു കഴിഞ്ഞ ഗാന്ധിഭവനിലെ ഓണാഘോഷത്തിന് ഏറെ പ്രസക്‌തിയുണ്ട്. ഏഷ്യയിലെ ശ്രദ്ധേയമായ സ്നേഹകുടീരമായ ഗാന്ധിഭവന്റെ വളർച്ചയ്ക്കു പിന്നിൽ ഡോ. പുനലൂർ സോമരാജന്റെയും കുടുംബത്തിന്റെയും ത്യാഗത്തിന്റെയും, സ്നേഹത്തിന്റയും കൂട്ടായ്മയുടെയും പരിശ്രമമാണുള്ളതെന്നും പ്രകാശ്ബാബു പറഞ്ഞു. ജീവകാരുണ്യം എന്നതിന്റെ അർഥവും വ്യാപ്തിയും മനസിലാക്കിയാണ് ഗാന്ധിഭവന്റെ പ്രവർത്തനമെന്ന് അഭിപ്രായപ്പെട്ട പ്രകാശ് ബാബു ഓണാശംസകൾക്കൊപ്പം വേർപാടിന്റെ ദുഃഖം ഓർക്കുന്നവർക്ക് സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഗാന്ധിഭവനിലെ ഓണാഘോഷം സാന്ത്വനമേകട്ടെയെന്നും ആശംസിച്ചു. പത്രപ്രവർത്തകൻ രത്നകുമാർ പല്ലിേൾരി അധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, എസ്. വേണുഗോപാൽ, ജനാബ് തടിക്കാട് സെയ്ദ് ഫൈസി, ജനാബ് സുറൂറുദ്ദീൻ മൗലവി, നടന്മാരായ ടി.പി. മാധവൻ, സച്ചിൻ ആനന്ദ്, പി.എസ് അമൽരാജ്, ജി.ഭുവനചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.