കയാക്കിംഗ് സംഘത്തിന് ചവറയിൽ വരവേൽപ്പ് നൽകി ചവറ: ഇന്ത്യൻ ആർമിയുടെ സാഹസികതതയുടെ സന്ദേശം വിളംബരം ചെയ്തെത്തിയ കയാക്കിംഗ് റാലിക്ക് ചവറയിൽ വരവേൽപ്പ് നൽകി. കഴിഞ്ഞ 16ന് കൊച്ചിയിൽ നിന്നും പുറപ്പെട്ട 18 പേരടങ്ങുന്ന കയാക്കിംഗ് സംഘം ചവറ ടി.എസ് കനാലിലെത്തിയപ്പോൾ വിദ്യാർഥികൾ മുതൽ വിമുക്ത ഭടൻമാർ ഉൾപ്പെടെയുള്ളവരാണ് സ്വീകരണം ഒരുക്കിയത്. ഇന്ത്യൻ ആർമിയുടെ ദക്ഷിണ കമാൻഡിംഗ്, സെക്കന്തരാബാദ് ആസ്ഥാനമാക്കിയുള്ള ഇലകട്രോ മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോറും സംയുക്തമായി നടത്തിയ കയാക്കിംഗ് സവാരി നയിച്ചത് ക്യാപ്റ്റൻ അജിമോനാണ്. കോവിൽ തോട്ടത്ത് ചവറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടീമിന് സ്വീകരണം ഒരുക്കി. വിദ്യാർഥികൾ കയാക്കിംഗ് സവാരി സംഘത്തെ ആവേശം പൂർവ്വമാണ് സ്വീകരിച്ചത്. കുട്ടികൾക്കും നാട്ടുകാർക്കും കയാക്കിംഗ് സവാരി ഒരു നവ്യാനുഭവമായി. കെഎംഎംഎൽ റിക്രിയേഷൻ ക്ലബ്ബ്, വൈഎംസിഎ മൈനാഗപ്പള്ളി, എക്സ് സർവ്വിസസ് യൂണിറ്റ്, ലൂർദ് മാതാഹയർ സെക്കന്ററി സ്കൂൾ, സെൻട്രൽ സ്കൂൾ, സെന്റ് ലിഗോറിയസ് എൽപിഎസ്, ജെആർസി, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയവർ സംഘത്തെ സ്വീകരിച്ചു. യാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് ക്യാപ്റ്റൻ അജിമോൻ വിശദീകരിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ലളിത, പഞ്ചായത്തംഗങ്ങളായ റോബിൻസൺ, യോഹന്നാൻ, വി. ജ്യോതിഷ്കുമാർ, സക്കീർ ഹുസൈൻ, ജയശ്രീ, ജി.ആർ.ഗീത, പ്രോഗ്രാം കോർഡിനേറ്റർ മാത്യു ജോൺ കളീലിൽ എന്നിവർ പ്രസംഗിച്ചു. കയാക്കിംഗ് സവാരി ഇന്ന് രാവിലെ എട്ടിന് തെക്കുംഭാഗം പള്ളിക്കോടിയിൽ നിന്നും തുടങ്ങി കൊല്ലത്ത് സമാപിക്കും