തേവലക്കര: പാട്ടിനൊത്ത് കുട്ടിക്കരടികൾ നിറഞ്ഞാടിയപ്പോൾ കാഴ്ചക്കാരിൽ പഴയകാല ഓണ നന്മകൾ സ്മരിച്ച് നടന്ന ഓണാഘോഷം വേറിട്ടതായി. തേവലക്കര കെവിഎം മോണ്ടിസോറി സ്കൂളിലാണ് കൊല്ലത്തിന്റെ തനത് നാടൻ കലാരൂപമായ കരടികളിയൊരുക്കി ഓണാഘോഷത്തെ വർണാഭമാക്കിയത്. ശരീരമാസകലം ഈർക്കിൽ കളഞ്ഞ തെങ്ങോലകൾ കൊണ്ട് പൊതിഞ്ഞ്, തലയിൽ കരടി മുഖംമൂടി അണിഞ്ഞ് സ്കൂളിലെ കുട്ടികളാണ് ആടിത്തിമിർക്കാൻ എത്തിയത്. വാമൊഴിയായി പകർന്ന് കിട്ടിയ കരടിപ്പാട്ടുകളുമായി അരിനല്ലുരിലെ കരടികളി പ്രേമികൾ കുട്ടിക്കരടികളിൽ ആവേശം നിറച്ച് പാടിത്തുടങ്ങിയതോടെ കരഘോഷങ്ങൾക്കിടയിൽ കരടികളി അരങ്ങേറി. നാലു കരടികളുടെയും രണ്ട് പുലികളുടെയും ചുവടുകൾക്കിടയിൽ തക്കം പാർത്ത് വെടിയുതിർക്കാൻ സന്നദ്ധമായി വേടനിറങ്ങിയതോടെ പാട്ടും താളവും കൂടുതൽ ആവേശമായി. മുണ്ടും ബനിയനും, തോർത്തും ധരിച്ച് കുട്ടിക്കലാകാരൻമാർ കൈകൊട്ടിയും, വഞ്ചിപ്പാട്ടു പാടിയും ആഘോഷത്തെ മറക്കാത്ത അനുഭവമാക്കി. ഒടുവിൽ അനുഗ്രഹാശിസുകളുമായി മാവേലി കൂടിയെത്തിയതോടെ കുട്ടി കൂട്ടായ്മയിൽ ഒരുക്കിയ ഓണാഘോഷം ആവേശത്തിന്റെ പാരമ്യത്തിലെത്തി. കരടികളി കലാരൂപത്തിന്റെ പുനരാവിഷ്കാരമായിരുന്നു സ്കൂൾ അധികൃതർ ഒരുക്കിയ കരടികളിയും ഓണാഘോഷവും. റിട്ട. ഡിവൈഎസ്പിയും കരടികളി പ്രേമിയുമായ കളത്തിൽ ഗോപാലകൃഷ്ണപിള്ളയും, മനോജും ചേർന്നാണ് കുരുന്നുകൾക്ക് അപരിചിതമായ കരടി കളിയുടെ സൗന്ദര്യവും താളവും പകർന്ന് നൽകിയത്. അൻസർ കെ.വി, ലിസ, തുഷാര, രാജി, അൻസർ, ദിപ എന്നിവരുടെ നേതൃത്വത്തിലാണ് വേറിട്ട ആഘോഷമായി സ്കൂളിൽ കരടികളിയൊരുക്കിയത്. തേവലക്കര അരിനല്ലൂരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കരടികളി കലാരൂപത്തെ പുതുതലമുറയ്ക്ക് കൂടി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ആഘോഷങ്ങൾ ആസ്വദിക്കാൻ നിരവധി രക്ഷിതാക്കളും നാട്ടുകാരും എത്തിയിരുന്നു.