ബാറുകൾ സ്ഥാപിക്കാനുള്ള ദൂരപരിധി 50 മീറ്ററാക്കി കുറച്ചുകൊണ്ടു സർക്കാർ ഉത്തരവിറക്കി.

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളുടെയും ആരാധ നാലയങ്ങളുടെയും സമീപത്തു ബാറുകൾ സ്ഥാപിക്കാനുള്ള ദൂരപരിധി 50 മീറ്ററാക്കി കുറച്ചുകൊണ്ടു സർക്കാർ ഉത്തരവിറക്കി. ഫോർ സ്റ്റാറിനും അതിനു മുകളിലുമുള്ള ബാറുകളുടെ ദൂരപരിധിയാണ് കുറച്ചത്. നിലവിൽ 200 മീറ്ററായിരുന്നു. സ്ഥാപനങ്ങളുടെ ഗേറ്റ് മുതലുള്ള ദൂരമാകും കണക്കാക്കുക. വിദേശമദ്യചട്ടത്തിൽകൂടി ഭേദഗതി വരുത്തിയാൽ മാത്രമേ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപത്ത് ബാറുകൾ സ്ഥാപിക്കാൻ കഴിയൂ. നിയമ സെക്രട്ടറിയുടെ ഭേദഗതിക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ നികുതി സെക്രട്ടറിയാണ് ചട്ട ത്തിൽ ഭേദഗതി വരുത്തിയുള്ള നിർദേശം സർക്കാർ അനുമതിയോടെ പുറത്തിറക്കേണ്ടത്. ഇതോടെ സംസ്ഥാനത്തു ബാറുകളുടെ എണ്ണം വീണ്ടും കൂടും. ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ, ഫൈവ് സ്റ്റാർ ഡീലക്സ്, ഹെറിറ്റേജ് ഹോട്ടലുകൾ ക്കാണ് പുതിയ ഉത്തരവിന്റെ പ്രയോജനം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് 50 മീറ്ററായിരുന്ന ദൂരപരിധി 200 മീറ്ററാക്കി ഉയർത്തിയത്. അതോടെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപമുള്ള മദ്യശാലകൾ പലതും പൂട്ടി. 200 മീറ്റർ ദൂരപരിധി ടൂറിസത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ ദൂരപരിധി കുറയ്ക്കണമെന്ന് എക് സൈസ് കമ്മീഷണർ ഋഷിരാജ്സിംഗ് സർക്കാരിനു ശിപാർശ നൽകിയിരുന്നു. ഈ ശിപാർശയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് വകുപ്പ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കിയത്. കള്ളുഷാപ്പുകളുടെയും മറ്റു മദ്യശാലകളുടെയും ദൂരപരിധിയിൽ ഇളവില്ല. എൽഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഫലമായി സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 118 ആയി ഉയർന്നിരുന്നു.