നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. ഇത് രണ്ടാം തവണയാണ് സിംഗിൾ ബെഞ്ച് ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളുന്നത്. കേസിൽ 50 ദിവസമായി ജയിലിൽ കഴിയുന്ന ദിലീപിന്‍റെ മോചനം ഇതോടെ അസാധ്യമായി. അഭിഭാഷകൻ ബി.രാംകുമാറിനെ മാറ്റി കെ.രാമൻപിള്ള മുഖേനയാണ് ദിലീപ് രണ്ടാം ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. പോലീസും ചില മാധ്യമങ്ങളും സിനിമാ മേഖലയിലെ പ്രബലരും ചേർന്നാണ് തന്നെ കേസിൽ കുടുക്കിയതെന്നായിരുന്നു ദിലീപിന്‍റെ വാദം. ആദ്യ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ ഉന്നയിച്ച തടസവാദങ്ങൾ ഒന്നും നിലനിൽക്കുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ ഇക്കാര്യങ്ങളൊന്നും ഹൈക്കോടതി അംഗീകരിച്ചില്ല. ജാമ്യാപേക്ഷയിലെ ആദ്യ ഭാഗത്ത് ദിലീപിനെ സംബന്ധിക്കുന്ന വിശദമായ ഒരു പ്രൊഫൈലും പ്രതിഭാഗം അവതരിപ്പിച്ചിരുന്നു. അതും കോടതിയിൽ തിരിച്ചടിയായി. ഇത്ര പ്രബലനായ ഒരാളെ എങ്ങനെ ജാമ്യത്തിൽ വിടുമെന്നും പുറത്തിറങ്ങിയാൽ കേസുമായി ബന്ധമുള്ളവരെ സ്വാധീനിക്കില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. ദിലീപിന്‍റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ പക്ഷേ വാദങ്ങളൊന്നും നിരത്തിയിരുന്നില്ല. എന്നാൽ കോടതിയിൽ മുദ്രവച്ച കവറിൽ കേസിലെ സാക്ഷിമൊഴികളും തെളിവുകളും പ്രോസിക്യൂഷൻ സമർപ്പിച്ചു. ഇത് പരിഗണിച്ച കോടതി പ്രതമദൃഷ്ട്യാ ദീലീപിനെതിരേ തെളിവുണ്ടെന്ന് നിരീക്ഷിക്കുകയായിരുന്നു. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അതിനാൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. ഇതും കോടതി പരിഗണനയ്ക്ക് എടുത്തു.