തിരുവനന്തപുരം: സ്വാശ്രയ കോളജിൽ മെഡിക്കൽ പ്രവേശനത്തിനു യോഗ്യത നേടിയ പാവപ്പെട്ട ഒരു വിദ്യാർത്ഥിക്കുപോലും പഠനാവസരം നഷ്ടപ്പെടില്ലെന്നു സർക്കാർ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി നിർദേശപ്രകാരം ബാങ്ക് ഗാരന്റി കൊടുക്കാൻ കഴിയാത്തതുകൊണ്ടു മാത്രം ഒരു വിദ്യാർഥിക്കും പഠനാവസരം നിഷേധിക്കപ്പെടില്ലെന്നു സർക്കാർ ഉറപ്പുവരുത്തും. സുപ്രീംകോടതി വിധി പ്രകാരം അന്തിമമായി ഫീസ് നിശ്ചയിക്കാനുള്ള അധികാരം നിയമപ്രകാരം സർക്കാർ രൂപീകരിച്ച ഫീസ് റഗുലേറ്ററി കമ്മിറ്റിക്കാണ്. ജസ്റ്റീസ് രാജേന്ദ്രബാബു അധ്യക്ഷനായ കമ്മിറ്റിയോടു കഴിയുന്നതും വേഗം ഫീസ് ഘടന അന്തിമമായി തീരുമാനിക്കണമെന്ന് ആവശ്യപ്പെടും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്കു പ്രവേശനം പൂർത്തിയാക്കാൻ ബാങ്ക് ഗാരന്റി ലഭ്യമാക്കുന്നതിനും ഫീസ് നിർണയത്തിനുശേഷം ആവശ്യമെങ്കിൽ ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനും സർക്കാർ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.