കൊച്ചി: ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവുപ്രകാരം പോലീസ് നടപടിയെടുക്കാതിരുന്നതാണു പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിനു കാരണമെന്നു മുൻ കൊല്ലം ജില്ലാ കളക്ടർ എ. ഷൈനമോൾ. പുറ്റിങ്ങൽ വെടിക്കെട്ടപകടം അന്വേഷിക്കുന്ന ജസ്റ്റീസ് പി.എസ്. ഗോപിനാഥൻ കമ്മീഷൻ മുന്പാകെ മൊഴിനൽകുകയായിരുന്നു അവർ. വെടിക്കെട്ടിന് അനുമതി നിഷേധിച്ചുള്ള ഉത്തരവ് കൊല്ലം ജില്ലാ പോലീസ് മേധാവിക്കും ചാത്തന്നൂർ എസിപി, പരവൂർ സിഐ എന്നിവർക്കും നൽകി. ഉത്തരവ് നടപ്പാക്കണമെന്നും നിയമലംഘനമുണ്ടായാൽ നടപടിയെടുത്തു എഡിഎമ്മിനു റിപ്പോർട്ട് നൽകാനും കർശന നിർദേശം നൽകി. ഉത്തരവു വിവരം തഹസിൽദാരെയും ധരിപ്പിച്ചു. ഉത്തരവ് പാലിച്ചിരുന്നെങ്കിൽ പുറ്റിങ്ങൽ വെടിക്കെട്ടപകടം ഉണ്ടാകുമായിരുന്നില്ല. നിയമം നടപ്പാക്കേണ്ട പ്രാഥമിക ഉത്തരവാദിത്വം പോലീസിനാണെന്നും ഷൈനമോൾ കമ്മീഷനു മുൻപാകെ പറഞ്ഞു. 2016 ഏപ്രിൽ 10നു പുലർച്ചെ മൂന്നരയ്ക്ക് വെടിക്കെട്ടപകടത്തെക്കുറിച്ചറിയുന്പോൾ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തായിരുന്നു. ഒന്പതാം തീയതി രാത്രി ഒന്പതിന് എഡിഎമ്മുമായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം സംസാരിച്ചു. വെടിക്കെട്ട് കാര്യങ്ങൾ സംസാരിച്ചിട്ടില്ല. തെരഞ്ഞെടുപ്പു കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒന്പതിന് എഡിഎം എറണാകുളത്ത് പോകുമെന്നാണ് അറിഞ്ഞിരുന്നതെന്നും അവർ മൊഴി നൽകി. ക്ഷേത്രത്തിലെ വെടിക്കെട്ടുമായി ബന്ധപ്പെട്ട പരന്പരാഗത ആചാരങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ല. അതുകൊണ്ട് ഇതൊരു വൈകാരിക വിഷയമാണോയെന്നും അറിയില്ല. എട്ടാം തീയതി ക്ഷേത്രം ഭാരവാഹികൾ തന്നെ വന്നു കണ്ടിരുന്നുവെന്നും മുൻ കളക്ടർ പറഞ്ഞു. കളക്ടറുടെ നിർദേശ പ്രകാരം ഒറ്റ കന്പത്തിനുള്ള അപേക്ഷ അപ്പോൾ തന്നെ ക്ഷേത്രം സെക്രട്ടറി എഴുതിനൽകുകയും അത് ഇനിഷ്യൽ ചെയ്യുകയും ചെയ്തുവെന്നു ദേവസ്വം പ്രസിഡന്റിനുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും ഇങ്ങിനെയൊന്നുമുണ്ടായിട്ടില്ലെന്നു ഷൈനമോൾ വ്യക്തമാക്കി.