തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പൊതുജനങ്ങള്‍ക്കുണ്ടായിട്ടുളള പരാതികള്‍ക്ക് സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജില്ലാ കളക്ടര്‍ പരാതി പരിഹാര വേദി സംഘടിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി നെയ്യാറ്റിന്‍കര താലൂക്ക് പരിധിയിലെ വിവിധ വകുപ്പുകളിലെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനാണ് തീരുമാനിച്ചിട്ടുളളത്. ഇന്ന് രാവിലെ 10 മണി മുതല്‍ നെയ്യാറ്റിന്‍കര ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച് നടക്കുന്ന പരാതി പരിഹാര വേദിയില്‍ നെയ്യാറ്റിന്‍കര താലൂക്കിലെ പൊതു ജനങ്ങള്‍ക്ക് നേരിട്ട് ജില്ലാ കളക്ടര്‍ക്ക് പരാതികള്‍ നല്‍കാവുന്നതാണ്. അന്നേ ദിവസം പരിഹാരം കാണാവുന്ന പരാതികള്‍ അപ്പോള്‍ തന്നെ തീര്‍പ്പാക്കുന്നതും അല്ലാത്തവ സമയബന്ധിതമായി പരിഹരിക്കുന്നതുമാണ്. പരാതി പരിഹാര വേദിയില്‍ ശശി തരൂര്‍ എം.പി , എം.എല്‍.എമാരായ കെ.ആന്‍സലന്‍ , സി.കെ.ഹരീന്ദ്രന്‍ , ഐ.ബി.സതീഷ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ.മധു എന്നിവര്‍ പങ്കെടുക്കും. കൂടാതെ ജില്ലാ കളക്ടര്‍ എസ് .വെങ്കിടേശപതി , സബ് കളക്ടര്‍ , ഡെപ്യൂട്ടി കളക്ടര്‍മാര്‍ , നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ , വില്ലേജ് ഓഫീസര്‍മാര്‍ , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതും പരാതികള്‍ പരിശോധിച്ച് തീരുമാനങ്ങള്‍ കൈകൊളളുന്നതുമാണ്. പൊതു ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി കേരള സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ഈ പരിപാടി പൊതു ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.