ബിവറേജസ് ഔട്ട്ലറ്റ് സമരം; വിന്‍ സെന്‍റ് എം.എല്‍.എയെ റിമാന്‍റ് ചെയ്തു

ബിവറേജസ് ഔട്ട്ലറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ നടത്തിയ സമരം; വിന്‍ സെന്‍റ് എം.എല്‍.എയെ 16 വരെ റിമാന്‍റ് ചെയ്തു: നെയ്യാറ്റിന്‍കര: ബാലരാമപുരത്ത് പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് ഔട്ട്ലറ്റ് പനയത്തേരിയില്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ സമരം നടത്തിയിരുന്നു. ഇതിനിടെ പൊതുമുതല്‍ നശിപ്പിച്ചതിനും , ബിവറേജസ് ഔട്ട്ലറ്റ് ജീവനക്കാരന്‍റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും എതിരെ ബാലരാമപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ആനി വര്‍ഗീസ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബാലരാമപുരം പൊലീസ് കഴിഞ്ഞദിവസം ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ എം.വിന്‍സെന്‍റ് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ നെയ്യാറ്റിന്‍കര സ്പെഷ്യല്‍ ജയിലില്‍ റിമാന്‍റില്‍ കഴിയുകയാണ്. വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വിന്‍സെന്‍റ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ആഗസ്റ്റ് ഒന്നിന് പരിഗണിക്കു മ്പോള്‍ തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചാല്‍ തന്നെയും ബിവറേജസ് സമര കേസിലും ജാമ്യം അനുവദിച്ചാല്‍ മാത്രമേ ജയില്‍ മോചിതനാകാന്‍ സാധിക്കുകയുളളു. എന്നാല്‍ ഇന്നലെ നെയ്യാറ്റിന്‍കര സബ് ജയിലില്‍ നിന്നും നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ വിന്‍സെന്‍റിനെ കോടതി 16 വരെ റിമാന്‍റ് ചെയ്യുകയായിരുന്നു. പൊലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും എന്നാല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്യാത്തതിനാല്‍ വിന്‍സെന്‍റിന് നെയ്യാറ്റിന്‍കര കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാരണം കോടതിയുടെ ശ്രദ്ധയില്‍ പെടുകയും കോടതി വിന്‍സെന്‍റിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. റിമാന്‍റ് ചെയ്തതിനാല്‍ വിന്‍സെന്‍റിന്‍റെ ജാമ്യാപേക്ഷ ഇന്ന് നെയ്യാറ്റിന്‍കര കോടതി പരിഗണിക്കും. പനയത്തേരിയില്‍ സ്ഥാപിച്ച ബിവറേജസ് ഔട്ട്ലെറ്റ് സമരത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലുള്‍പ്പെട്ട 500 ല്‍ ഏറെ പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നതായും ഇതില്‍ വിന്‍സെന്‍റിനേയും കോണ്‍ഗ്രസ് പ്രവര്‍ത്തക രെയും മാത്രം പ്രതി ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതില്‍ നിഗൂഢതയുളളതായി നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.