തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി, ആർഎസ്എസ് നേതാക്കാളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. രാവിലെ 10ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചർച്ച. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ എംഎൽഎ, ആർഎസ്എസ് നേതാവ് പി. ഗോപാലൻ കുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുക്കും. രാഷ്ട്രീയ സംഘർഷം തുടരുന്നതിനിടെ ഗവർണർ ജസ്റ്റീസ് പി. സദാശിവം മുഖ്യമന്ത്രിയെ ഞായറാഴ്ച രാജ്ഭവനിൽ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. വിഷയത്തിൽ കുമ്മനം രാജശേഖരനുമായും ആർഎസ്എസിന്റെ സംസ്ഥാന മേധാവിയുമായി സംസാരിച്ചു സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സംയുക്ത പ്രസ്താവന നടത്തുമെന്നും പിണറായി വിജയൻ ഗവർണറെ അറിയിച്ചിരുന്നു.