വീഡിയോ കാണാം : മുഖ്യമന്ത്രി മന്ദ ബുദ്ധിയാണോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നുയെന്ന്‌ വി.എസ്.ശിവകുമാര്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിനു മുന്നിലാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂട്ട സത്യാഗ്രഹം സംഘടിപ്പിച്ചത്. പനിമരണങ്ങള്‍ തുടര്‍കഥയാകുമ്പോള്‍ അത് തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാരിന്‍റെ ജന വിരുദ്ധ നടപടിക്കെതിരെയാണ് കൂട്ട സത്യാഗ്രഹം. കേരളത്തിലാകമാനം ദിനം പ്രതി പനിമരണങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും മറ്റ് ക്ലിനിക്കുകളും പനിക്കാരെ കൊണ്ട് നിറയുകയാണ്. ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താതെ സര്‍ക്കാര്‍ നിരുത്തരവാദപരമായി പെരുമാറുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പരിസര മലിനീകരണം നിയന്ത്രിക്കാന്‍ കഴിയാതെയും ആവശ്യമായ മരുന്നുകള്‍ എത്തിക്കാത്തതിനാലും ലാബുകള്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാതെയും ലാഘവത്തോടെയാണ് ആരോഗ്യവകുപ്പ് ഈ വിഷയത്തെ നോക്കികാണുന്നത്‌. സാധാരണക്കാരന്‌ ഒരു പനിയില്‍നിന്നുപോലും സ്വന്തം മക്കളെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്താണ് നാം ജീവിക്കുന്നതെന്ന്‌ പാറയാന്‍ പോലും അറപ്പ് തോന്നുതായും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇത്തരം സാഹചര്യത്തില്‍ പോലും കുലുക്കമില്ലാതെ കറങ്ങി നടക്കുന്ന മുഖ്യമന്ത്രി മന്ദ ബുദ്ധിയാണോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നുയെന്ന്‌ ഉദ്ഘാടന പ്രസംഗത്തില്‍ വി.എസ്.ശിവകുമാര്‍ എം.എല്‍.എ പറഞ്ഞു. ഒരാള്‍ പനി ബാധിച്ച്‌ ആശുപത്രിയിലെത്തിയാല്‍ നോക്കാന്‍ ഡോക്ടര്‍മാരില്ല. പരിചരിക്കാന്‍ നഴ്സ്മാരില്ല. ആവശ്യത്തിന് മരുന്നില്ല. പരി ശോധനയ്ക്ക്‌ ആവശ്യമായ ലാബ് സൗകര്യമില്ല. മരണത്തിന് കീഴടങ്ങുകയല്ലാ തെ മറ്റ് മാര്‍ഗ്ഗങ്ങളില്ല. ഈ ദു:സ്ഥിതിക്ക്‌ കാരണക്കാരായവര്‍ നീറോ ചക്രവര്‍ത്തിയെ പോലെ വീണ വായിച്ച്‌ രസിക്കുന്നു. ശിവകുമാര്‍ തുറന്നടിച്ചു. സത്യാഗ്രഹ വേദിയിലേയ്ക്ക് കോവളം എം.എല്‍.എ എം.വിന്‍ സെന്‍റ്‌ എത്തിയത്‌ പ്രവര്‍ത്തകര്‍ക്ക്‌ ആവേശമായി. മുഖ്യ പ്രഭാഷകാനായിട്ടായിരുന്നു വരവ്. മുദ്രാവാക്യം വിളിയോടെയായിരുന്നു വിന്‍സെന്‍റിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ആരോപണങ്ങള്‍ കൊണ്ട്‌ തന്‍റെ വ്യക്തി ജീവിതത്തെയും രാഷ്ട്രീയ പ്രവര്‍ത്തനത്തെയും തച്ചു തകര്‍ക്കാന്‍ ചില ഗൂഡ നീക്കങ്ങള്‍ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. അനേഷണം നടക്കട്ടേയെന്നും കുറ്റക്കാരനെന്ന്‌ കണ്ടാല്‍ തന്‍റെ എം.എല്‍.എ സ്ഥാനവും രാഷ്ട്രീയ ജീവിതവും അവസാനിപ്പിക്കുവാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അയിര സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ജോസ്‌ ഫ്രാങ്കിളിന്‍ സ്വാഗതം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ അവനീന്ദ്രകുമാര്‍ , അഡ്വ.ആര്‍.അജയകുമാര്‍ , അഡ്വ.വിനോദ്‌ സെന്‍ , അഡ്വ.മൊഹനുദ്ദീന്‍ , മുന്‍.എം.എല്‍.എ ആര്‍.സെല്‍വരാജ് , കെ.പി.സി.സി അംഗം എസ്.കെ.അശോക്‌കുമാര്‍ , പ്രാണകുമാര്‍ , വെങ്ങാനൂര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.