റാന്നി: കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്ന നരേന്ദ്രമോദി സർക്കാരിനെതിരെ യോജിച്ചുള്ള സമരത്തിനു ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തയാറാകുമ്പോൾ അതിനെ എതിർക്കുന്ന വി.എം. സുധീരൻ ഒരു കൃമിയാണെന്ന് മന്ത്രി എം.എം. മണി. റാന്നിയിൽ സിപിഎം നേതാക്കളുടെ അനുസ്മരണവും കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.. പുര കത്തുമ്പോൾ വാഴ വെട്ടുന്ന സ്വഭാവമാണ് സുധീരന്റേത്. യോജിച്ച പോരാട്ടത്തിന് സിപിഎം ശ്രമിക്കും. അതിനു കഴിഞ്ഞില്ലെങ്കിലും എൽഡിഎഫ് നേതൃത്വത്തിൽ ശക്തമായ സമരങ്ങൾ തുടരും.പിതൃസ്വത്ത് കൈകാര്യം ചെയ്യുന്ന രീതിയിലാണ് ഒറ്റ രാത്രി കൊണ്ട് മോദി 500 ന്റേയും 1000 ന്റേയും നോട്ടുകൾ പിൻവലിച്ചത്. സഹകരണ ബാങ്കുകൾക്ക് ഉൾപ്പെടെ നിയന്ത്രണം വച്ചിട്ടും വിദേശ ബാങ്കുകൾക്ക് യാതൊരു നിയന്ത്രണവും ഇല്ല. സാധാരണക്കാരുടെ വായിൽ മണ്ണിടുക എന്നതുമാത്രമാണ് പ്രധാനമന്ത്രിയുടെ പൊതു മിനിമം പരിപാടി. ഇന്ത്യ മുഴുവൻ ശൗചാലയം പണിയും എന്നു പറഞ്ഞ മോദി ആദ്യം ചെയ്യേണ്ടത് വസ്തുവും വീടും ഇല്ലാത്തവർക്ക് ഒരു തുണ്ട് ഭൂമിയും വീടും നൽകുക എന്നതായിരുന്നു. ഇപ്പോൾ വീടുമില്ല ശൗചാലയവുമില്ലെന്നതാണ് സ്ഥിതി. മോദി ഭരണത്തിന്റെ 50 ശതമാനം കഴിഞ്ഞപ്പോൾ രാജ്യം കുളമായിരിക്കുകയാണ്. സഹകരണ പ്രസ്ഥാനങ്ങളുടെ ആശങ്ക പങ്കു വയ്ക്കാനോ പരിഹരിക്കാനോ മോദിക്ക് സമയമില്ല. അന്തവും കുന്തവുമില്ലാത്ത ജയ്റ്റിലിയെ കണ്ടാൽ മതി എന്നാണ് പറയുന്നത്. കേരള നിയമസഭയിൽ ഒ. രാജഗോപാൽ വന്നതിന് ഉത്തരവാദി ഉമ്മൻചാണ്ടിയാണെന്നും എം. എം. മണി പറഞ്ഞു.സിപിഎം ലോക്കൽ സെക്രട്ടറി കെ. കെ. സുരേന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രാജു ഏബ്രഹാം എംഎൽഎ, ജില്ലാ സെക്രട്ട്റേിയറ്റംഗം പി. എസ്. മോഹനൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ മത്തായി ചാക്കോ, കോമളം അനിരുദ്ധൻ, ഏരിയ സെക്രട്ടറി ആർ. വരദരാജൻ, പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിൽ തുണ്ടിയിൽ, ജോർജ് ഫിലിപ്പ്, പി.ആർ.പ്രസാദ്, കെ. പി. സുഭാഷ് കുമാർ, വി. കെ. സണ്ണി, കെ. വി. രാജപ്പൻ, കെ. ഉത്തമൻ എന്നിവർ പ്രസംഗിച്ചു