തിരുവനന്തപുരം: പോലീസ് ജോലി ഒരു തൊഴിലെന്നതിലുപരി സേവനമായി കാണണമെന്നും ഈ ചിന്ത മനസിൽ വച്ചുകൊണ്ടായിരിക്കണം പൊതുജനങ്ങളോട് ഇടപഴകേണ്ടതെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നല്കി. ഉദ്യോഗസ്ഥർക്കു നല്കിയ സന്ദേശകാണണം ത്തിലാണ് ഈ നിർദേശം. ജാതി, മത, വർഗ, വർണ വിവേചനങ്ങൾ കൂടാതെ നിയമപരമായും ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിലും വേണം പോലീസ് ഉദ്യോഗസ്ഥർ പെരുമാറേണ്ടത്. സംസ്ഥാന പോലീസിലെ സിവിൽ പോലീസ് ഓഫീസർ മുതൽ സംസ്ഥാന പോലീസ് മേധാവിവരെയുള്ളവർ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പ്രവർത്തിച്ച് പോലീസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനോപകാരപ്രദവുമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന നിർദേശങ്ങൾ ഏതൊരു പോലീസ് ഉദ്യോഗസ്ഥനും സംസ്ഥാന പോലീസ് മേധാവിക്ക് നേരിട്ട് dgp.pol@kerala.gov.inഎന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കാം. എല്ലാ നല്ല നിർദേശങ്ങളും പരിഗണിക്കപ്പെടുമെന്നും മികച്ച നിർദേശങ്ങൾ അയയ്ക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അംഗീകാരം നൽകുമെന്നും അദ്ദേഹം അറിയിച്ചു.