പനി ബാധിച്ചു നാലു പേർ കൂടി മരിച്ചു തിരുവനന്തപുരം: പനിബാധിച്ച് സംസ്ഥാനത്ത് ഇന്നലെ നാലുപേർ കൂടി മരിച്ചു. തിരുവനന്തപുരം ജില്ലയിൽ മൂന്നുപേരും പാലക്കാട് ജില്ലയിൽ ഒരാളുമാണ് ഇന്നലെ മരിച്ചത്. തിരുവനന്തപുരം പള്ളിച്ചൽ സ്വദേശിനി വീണമോൾ (23), കടകംപള്ളി സ്വദേശിനി സുജാത (44), ബാലരാമപുരം, ഐത്തിയൂർ സ്വദേശിനി ഗിരിജ(50) എന്നിവരും പാലക്കാട് ചെർപ്പുളശേരി സ്വദേശി സിദ്ദിഖുമാണ് മരിച്ചത്. ഐത്തിയൂർ സ്വദേശി ഗിരിജയുടെ മരണം ഡെങ്കിപ്പനിമൂലമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ആരോഗ്യവകുപ്പിന്റെ പക്കൽ പനിയുമായി ബന്ധപ്പെട്ട കണക്ക് ലഭ്യമല്ല. ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒരു ഡെങ്കിപ്പനി കേസുപോലും ആരോഗ്യവകുപ്പിന്റെ കണക്കിൽ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും ഒരു ഡെങ്കി കേസുപോലും ഇന്നലെത്തെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. മറ്റ് ജില്ലകളിൽ നിന്നായി 31പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ 11, തൃശൂർ 13, വയനാട് നാല്, കാസർഗോഡ് മൂന്ന് എന്നിങ്ങനെയാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി സംശയത്താൽ 227 പേരും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. എച്ച് വണ്‍ എൻ വണ്‍ 11 പേർക്കും കണ്ടെത്തി. അതിൽ അഞ്ചുപേർ കാസർഗോഡ് ജില്ലയിലാണ്. എലിപ്പനി മൂന്നുപേർക്കും ചിക്കൻപോക്സ് 21 പേർക്കും വയറിളക്കം 845 പേർക്കും കണ്ടെത്തി. 10,085 പേരാണ് ഇന്നലെ വിവിധ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടിയത്. ഇതിൽ 335 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പനിബാധിതരുടെ എണ്ണം ജില്ല തിരിച്ച്: തിരുവനന്തപുരം -1803, കൊല്ലം -442, പത്തനംതിട്ട -382, ഇടുക്കി -103, കോട്ടയം -518, ആലപ്പുഴ -597, എറണാകുളം -463, തൃശൂർ -957, പാലക്കാട് -927, മലപ്പുറം -530, കോഴിക്കോട് -1404, വയനാട് -754, കണ്ണൂർ -856, കാസർഗോഡ് 349.