കോട്ടയം: പി.സി. ജോർജ് തൊഴിലാളികൾക്കു നേരെ ആക്രമണം നടത്തിയില്ലെന്നും സ്വയരക്ഷയുടെ ഭാഗമായാണ് അദ്ദേഹം തോക്കെടുത്തതെന്നും മുണ്ടക്കയം മണിമലയാർ സ്വദേശികൾ. ഹാരിസണ് ഭൂമി കൈയേറിയെന്ന കള്ളക്കേസുണ്ടാക്കി തോട്ടം ജീവനക്കാരും ഗുണ്ടകളും തങ്ങളുടെ വീടാക്രമിച്ച സംഭവത്തെ കുറിച്ചറിയാനാണ് എംഎൽഎ സ്ഥലത്തെത്തിയത്. തലേദിവസം തോട്ടം ജീവനക്കാരുടെ നേതൃത്വത്തിലെത്തിയ സംഘം പ്രദേശവാസികളുടെ വീടുകൾ ആക്രമിച്ചിരുന്നു. പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ഇക്കാര്യം തങ്ങൾ എംഎൽഎയുടെ ശ്രദ്ധയിൽപെടുത്തി. എംഎൽഎ തങ്ങളുമായി സംസാരിക്കാനെത്തുംമുന്പേ സ്ഥലത്തു ഒരു സംഘം എത്തുകയും എംഎൽഎ എത്തിയാൽ തടയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നെന്നു ഇവർ പത്രസമ്മേളനത്തിൽ പറഞ്ഞു. മുണ്ടക്കയം: വെള്ളനാടി എസ്റ്റേറ്റിൽ ഭൂതർക്കം പരിഹരിക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ എംഎൽഎ തോക്ക് ചൂണ്ടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. തൊഴിലാളികളുടെ പരാതിയെത്തുടർന്ന് എംഎൽഎയ്ക്കെതിരേ ജാമ്യമില്ലാ വകുപ്പുകളായ വധശ്രമം, ആയുധം കൈവശം വയ്ക്കൽ, പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞു എന്നിങ്ങനെ 308, 506, 394 ബി വകുപ്പുകൾ പ്രകാരമാണു കേസെടുത്തത്. എംഎൽഎയുടെ പരാതിയെത്തുടർന്ന് തോട്ടം തൊഴിലാളികൾക്കെതിരേ സംഘം ചേർന്ന് ആക്രമിക്കാനൊരുങ്ങിയതിനു കേസെടുത്തിട്ടുള്ളതായും എസ്ഐ പ്രസാദ് ഏബ്രഹാം വർഗീസ് അറിയിച്ചു.