ന്യൂഡൽഹി: രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും സംസാരിക്കുന്ന രാഷ്ട്രഭാഷയായ ഹിന്ദി പഠിക്കേണ്ടത് പ്രധാനമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇംഗ്ലീഷിന് വളരെയധികം പ്രാധാന്യം നൽകുന്നതിനാൽ മാതൃഭാഷയുടെ പ്രചാരം പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രഭാഷ എന്ന നിലയിൽ ഹിന്ദി വളരെ പ്രധാനപ്പെട്ടതാണ്. ഇതില്ലാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. രാജ്യത്തെ ഭൂരിപക്ഷം ആളുകളുടേയും സംസാരഭാഷയാണ് ഹിന്ദി. അതിനാൽ ഹിന്ദി പഠിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ഭാഷകളെ താൻ ഒരിക്കലും അത്തരത്തിൽ വിളിക്കില്ല. കാരണം അവ മാതൃഭാഷകളും ദേശീയ ഭാഷകളുമാണ്. പാഠ്യ പദ്ധതിയില്‍ മാതൃഭാഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. നമ്മൾ ഇംഗ്ലീഷ് മീഡിയത്തിന് പ്രാധാന്യം നല്‍കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇംഗ്ലീഷിനോടുള്ള അമിത പ്രതിപത്തി രാജ്യ പുരോഗതിക്കു തടസമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.