മെട്രോയിലെ കോണ്‍ഗ്രസിന്‍റെ ജനകീയ യാത്ര: കെഎംആർഎൽ അന്വേഷണം തുടങ്ങി

കൊച്ചി: ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിയ ജനകീയ മെട്രോ യാത്രയെക്കുറിച്ച് കെഎംആർഎൽ അന്വേഷണം ആരംഭിച്ചു. മൂന്ന് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് കെഎംആർഎല്ലിന്‍റെ തീരുമാനം. ഗുരുതരമായ പിഴവുകളാണ് കോണ്‍ഗ്രസിന്‍റെ ജനകീയ യാത്രയുമായി ബന്ധപ്പെട്ടുണ്ടായതെന്നാണ് കെഎംആർഎല്ലിന്‍റെ പ്രാഥമിക കണ്ടെത്തൽ. അനിയന്ത്രിതമായി പ്രവർത്തകർ സുരക്ഷ പരിശോധന ഒഴിവാക്കി സ്റ്റേഷനിലേക്കും ട്രെയിനിലേക്കും ഇരച്ചുകയറുകയായിരുന്നു. ആലുവയിൽ നിന്നും ടിക്കറ്റെടുത്ത് നിരവധി പ്രവർത്തകർ ആദ്യം തന്നെ പാലാരിവട്ടത്തേക്ക് പോയി. എന്നാൽ ഉമ്മൻ ചാണ്ടി തങ്ങൾ കയറിയ ട്രെയിനിൽ ഇല്ലെന്ന് മനസിലാക്കിയ ചില പ്രവർത്തകർ പാലാരിവട്ടത്തിന് മുൻപായി പല സ്റ്റേഷനുകളിലും ഇറങ്ങി. മെട്രോ യാത്രാചട്ടങ്ങൾ പ്രകാരം ഇതെല്ലാം നിയമവിരുദ്ധമാണ്. മാത്രമല്ല ഒരു ട്രെയിനിൽ പരമാവധി യാത്ര ചെയ്യാവുന്ന ആളുകളുടെ എണ്ണം 1,000 ആണ്. എന്നാൽ നേതാക്കൾ കയറിയ ട്രെയിനിൽ പ്രവർത്തകർ ഇരച്ചുകയറിയതോടെ പരിധിയിൽ കൂടുതൽ ആളുകളെ വഹിക്കേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്. ഇതെല്ലാം ഗുരുതര വീഴ്ചയായാണ് കെഎംആർഎൽ കാണുന്നത്. കനത്ത തിരക്ക് കാരണം മെട്രോ സ്റ്റേഷനിലെ എസ്കലേറ്ററിനും ട്രെയിനുള്ളിൽ സംവിധാനങ്ങൾക്കും തകരാർ സംഭവിച്ചിട്ടുണ്ടെന്നാണ് കെഎംആർഎൽ പറയുന്നത്. ഇതും അന്വേഷണ വിധേയമാക്കും.