നെയ്യാറ്റിൻകര: കോട്ടുകാൽ മന്നോട്ടുകോണത്ത് ബിവറേജസ് ഔട്ട് ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിക്ഷേധം ഇരമ്പുന്നു. കോട്ടുകാലിൽ പ്രവർത്തിച്ചിരുന്ന ബിവറേജസ് ഔട്ട് ലെറ്റാണ് അവിടെ നിന്നും മാറ്റി മന്നോട്ടുകോണത്ത് സ്ഥാപിക്കാൻ നീക്കം നടക്കുന്നത്. ഇതിനായി കണ്ടെത്തിയ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ തകൃതിയായി നടന്നു വരികയാണ്. കർഷകരും, കൂലിപ്പണിക്കാരുമായ സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് ബിവറേജസ് ഔട്ട്ലറ്റ് വന്നാൽ നിലവിലുള്ള സമാധാനാന്തരീക്ഷം തകരുമെന്ന് പ്രദേശവാസികളും,.അതു പോലെ തന്നെ തങ്ങളുടെ കാർഷിക വിളകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുമെന്നും, മോഷണം ചെയ്തെടുക്കുമെന്നുംകർഷകരും ഒരുപോലെ ആശങ്കപ്പെടുന്നു. ഇതിനെതിരെ നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിഷേധ പരിപാടികൾ നടത്തിവരികയാണ്. ജനകീയ സമിതിയുടെ പ്രതിക്ഷേധ പരിപാടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി സാമൂഹ്യ-സാംസ്കാരിക-സാമുദായിക സംഘടനകൾ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി വി.എസ്.ഡി.പി. മണ്ണക്കല്ല് സമത്വസമാജവും, കാമരാജ് കോൺഗ്രസ്സ് മണ്ണക്കല്ല് വാർഡ് കമ്മിറ്റിയും ഇന്നലെ സംഘടിപ്പിച്ച പ്രതിക്ഷേധ മാർച്ചിൽ സ്ത്രീകളും, കുട്ടികളുമടക്കം ഇരുന്നൂറോളം പേർ പങ്കെടുത്തു. മുഞ്ഞക്കൽ നടയിൽ നിന്നും മണ്ണക്കല്ല് ജംഗ്ഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനെ അഭിസംബോധന ചെയ്തു കൊണ്ട് വി.എസ്.ഡി.പി. കോവളം മണ്ഡലം കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി മണ്ണക്കല്ല് സുരേഷ്, ഡി.വൈ.എഫ്.ഐ പയറ്റുവിള മേഖലാ പ്രസിഡന്റ് ആർ.ശ്രീജിത്ത്, കണ്ണറ വിള പരിശുദ്ധാത്മ ദേവാലയ കമ്മിറ്റി അംഗം ഫ്രാൻസിസ്, ജനകീയ സമിതി ഭാരവാഹികളായ അഡ്വ.കോട്ടുകാൽവിനോദ്, വിനുകുമാർ, വാർഡ് മെമ്പർ ബിനു തുടങ്ങിയവർ സംസാരിച്ചു. ഈ മാസം20 ജില്ലാ കളക്ടർ വിളിച്ചു ചേർത്തിട്ടുള്ള ചർച്ചയിൽ അനുകൂല തീരുമാനമാകാത്ത പക്ഷം ബി വറേജ് ഔട്ട് ലെറ്റ് സ്ഥാപിക്കുന്ന കെട്ടിടത്തിന് മുന്നിൽ പന്തല് കെട്ടി രാപ്പകൽ സമരം നടത്തുമെന്ന് ജനകീയ സമിതിയടക്കമുള്ള വിവിധ സംഘടനാ ഭാരവാഹികൾ അറിയിച്ചു.