ന്യൂഡൽഹി: ഒരൊറ്റ തീരുമാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ നശിപ്പിച്ചിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. നോട്ട് പിൻവലിക്കൽ തീരുമാനം നടപ്പാക്കുന്നതിലൂടെ രാജ്യത്ത് അടിയന്തരാവസ്ഥയേക്കാൾ ഭീകരമായ അന്തരീക്ഷമാണ് സംജാതമായിരിക്കുന്നതെന്നും മോദി ഹിറ്റ്ലറെ പോലെയൊണ് പ്രവർത്തിക്കുന്നതെന്നും മമത ആരോപിച്ചു. ജന്തർമന്ദിറിൽ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മമത മോദിക്കെതിരേ ആഞ്ഞടിച്ചത്. ഒരൊറ്റ തീരുമാനത്തിലൂടെ നിങ്ങൾ (മോദി) രാജ്യത്തെ നശിപ്പിച്ചിരിക്കുകയാണ്. പണമില്ലാതെ എത്രപേർ വിശന്നുവലയുന്നുണ്ടെന്ന് നിങ്ങൾക്കു ബോധ്യമുണ്ടോ?. എത്രപേരുടെ കടകൾ അടച്ചുപൂട്ടേണ്ട അവസ്ഥ വന്നു?. നിങ്ങൾ എങ്ങനെയാണ് പാവപ്പെട്ടവന്റെ ഉപജീവനമാർഗം കട്ടെടുത്തതെന്നും അവരെ ബാങ്കിനു മുന്നിലെത്തിച്ചതെന്നും നിങ്ങൾക്കു ബോധ്യമുണ്ടോ– മോദിയോടായി മമത ചോദിച്ചു. ഒരൊറ്റ തീരുമാനത്തിലുടെയും അതിന്റെ നടപ്പാക്കലിലൂടെയും സർക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണെന്നും മോദിക്കു കീഴിൽ രാജ്യം സുരക്ഷിതമല്ലെന്നും മമത ആരോപിച്ചു. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നു പറഞ്ഞ മോദി പാവപ്പെട്ടവന്റെ പണം കൊള്ളയടിച്ചിരിക്കുകയാണെന്നും നോട്ട് പിൻവലിക്കൽ തീരുമാനത്തിൽ രാഷ്ട്രപതി പ്രണാബ് മുഖർജി ഇടപെടണമെന്നും മമത ആവശ്യപ്പെട്ടു