തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽനിന്ന് 210 എംപാനൽ (താത്കാലിക) ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി മരവിപ്പിച്ചു. വകുപ്പ് മന്ത്രി തോമസ് ചാണ്ടി കെഎസ്ആര്‍ടിസി എംഡിക്ക് ഇതു സംബന്ധിച്ചു നിർദേശം നൽകി. മാവേലിക്കര റീജണൽ വര്‍ക് ഷോപ്പിൽനിന്ന് 65ഉം എടപ്പാളിൽനിന്ന് 55ഉം കോഴിക്കോട്ടുനിന്ന് 35ഉം ആലുവയിൽനിന്ന് 55ഉം ജീവനക്കാരെയാണ് കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. ബസ് ബോഡിനിർമാണം നടക്കാത്തതിനാലാണു ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് മാനേജ്മെൻറിന്റെ വിശദീകരണം. സാന്പത്തിക പ്രതിസന്ധി മൂലം ഒറ്റ ഡ്യൂട്ടി സന്പ്രദായം നടപ്പാക്കുന്നതിനാണു താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് വിവരം. ഷാസികളുടെ ലഭ്യത കുറഞ്ഞതിനാലും റിജണുകളിലെ ബസ് ബോഡി നിർമാണം നിർത്തിവച്ചതിനാലുമാണ് ജീവനക്കാരെ മാറ്റുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. പത്തു വർഷത്തിലധികമായി ജോലി ചെയ്തവർവരെ പിരിച്ചുവിടപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ജീവനക്കാരും ഇക്കൂട്ടത്തിലുണ്ട്.