തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതുക്കിയ മദ്യനയം നടപ്പാക്കുന്നതോടെ ത്രീ- ഫോർ സ്റ്റാർ പദവിയുള്ള 150 ബാറുകൾ പുതുതായി കേരളത്തിൽ തുറക്കുമെന്ന് എക്സൈസ് വകുപ്പിന്റെ പ്രാഥമിക കണക്കുകൾ. കൂടാതെ 585 ബിയർ- വൈൻ പാർലറുകൾ തുറന്നുകൊടുക്കേണ്ടി വരുമെന്നും കണക്കാക്കുന്നു. സംസ്ഥാനത്തെ 30 ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ദേശീയപാതയുടെ 500 മീറ്റർ പരിധിയിൽ വരാത്ത 23 ബാറുകളാണു പ്രവർത്തിച്ചു വരുന്നത്. പുതുക്കിയ മദ്യനയം അനുസരിച്ചു ത്രീ- ഫോർ സ്റ്റാർ പദവിയുള്ളവയ്ക്കു കൂടി ബാർ നൽകിയാൽ 150 എണ്ണത്തിനു കൂടി നൽകേണ്ടി വരും. ബിയർ- വൈൻ പാർലറുകൾ കുറഞ്ഞത് 585 എണ്ണത്തിനു പുതിയ അനുമതി നൽകേണ്ടി വരും. ദേശീയപാതയുടെ 500 മീറ്ററിന്റെ പരിധിയിൽ പെടുന്നവരുടെ ബിയർ- വൈൻ പാർലറുകൾക്ക് അതേ താലൂക്കിലെ മറ്റു പ്രദേശത്ത് അനുമതി നൽകുമ്പോൾ ഇവയുടെ എണ്ണം ഉയരാനാണു സാധ്യതയെന്നാണ് എക്സൈസ് അധികൃതർ നൽകുന്ന വിവരം. 815 ബിയർ- വൈൻ പാർലറുകളിൽ ദേശീയപാത ദൂര പരിധിയുടെ പേരിൽ 474 എണ്ണം പൂട്ടിക്കിടക്കുകയാണ്. പുതിയ സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് ഇവർക്കും ലൈസൻസ് ലഭിക്കും. ടൂ സ്റ്റാർ ഹോട്ടലുകൾക്കും ആവശ്യമെങ്കിൽ ബിയർ- വൈൻ പാർലർ ലൈസൻസ് നൽകും. സംസ്ഥാനത്തെ കള്ളുഷാപ്പുകളിൽ 922 എണ്ണം പൂട്ടിക്കിടക്കുകയാണ്. ഇവ കൂടാതെ സ്റ്റാർ ഹോട്ടലുകൾക്കു കൂടി കള്ള് നൽകുന്നതോടെ പുതുതായി കള്ള് ലഭിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം ആയിരത്തിലേറെയായി ഉയരുമെന്നാണു കണക്കാക്കുന്നത്. കേരളത്തിലാകെ 5185 കള്ളുഷാപ്പുകളാണുള്ളത്. വിമാനത്താവളങ്ങളുടെ ആഭ്യന്തര ലോഞ്ചുകളിലും വിദേശ മദ്യം ലഭ്യമാക്കും. രാജ്യാന്തര ലോഞ്ചുകളിൽ മാത്രമായിരുന്നു മദ്യവിൽപന നടത്താൻ അനുമതി ഉണ്ടായിരുന്നത്. ബിവറേജസ് കോർപറേഷന്റെയും കണ്സ്യൂമർ ഫെഡിന്റെയും 306 ഔട്ട് ലെറ്റുകളാണു സംസ്ഥാനത്തുള്ളത്. ഇതിൽ 96 എണ്ണം പൂട്ടിക്കിടക്കുന്നു. ദേശീയപാതയുമായി ബന്ധപ്പെട്ടാണ് ഇവ പൂട്ടിക്കിടക്കുന്നത്. ഇവ തുറക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ബിവറേജസ് ഒൗട്ട് ലെറ്റിന്റെ എണ്ണം കൂട്ടില്ല. എന്നാൽ, വർഷം തോറും പത്തു ശതമാനം വീതം കുറയ്ക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.