ബാങ്കിൽനിന്നുപണംലഭിച്ചില്ല വിദ്യാർഥി ജീവനൊടുക്കി

ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ തീരുമാനത്തെ തുടർന്ന് പരീക്ഷാ ഫീസ് അടയ്ക്കാനാകാതെ വിദ്യാർഥി ജീവനൊടുക്കി. ഉത്തർപ്രദേശ് ബാൻഡ ജില്ലയിലെ മാവായ് ബുസുർഗ് ഗ്രാമത്തിലാണ് സംഭവം. സുരേഷ് എന്ന 18കാരനാണ് ജീവനൊടുക്കിയത്. നോട്ട് പിൻവലിക്കലിനെ തുടർന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി സുരേഷ് പണം പിൻവലിക്കുന്നതിനായി പ്രാദേശിക ബാങ്കിനുമുന്നിൽ ക്യു നിൽക്കുകയായിരുന്നു. എന്നാൽ എല്ലാ ദിവസവും അദ്ദേഹത്തിനു വെറുംകൈയോടെ മടങ്ങേണ്ടിവന്നു. ഫീസ് അടയ്ക്കണമെന്ന കാര്യം അറിയിച്ചിട്ടും ബാങ്ക് അധികൃതർ സഹായിക്കാത്തതിനെ തുടർന്ന് സുരേഷ് കടുത്ത മനോവിഷമത്തിലായിരുന്നു. ഇതിനു പിന്നാലെ ബുധനാഴ്ച അമ്മയുടെ സാരിയിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. പാഞ്ച്നേഹി ഡിഗ്രി കോളജിലെ ബിഎസ്സി വിദ്യാർഥിയായിരുന്നു സുരേഷ്. ബുധനാഴ്ചയായിരുന്നു കോളജിൽ ഫീസ് അടയ്ക്കേണ്ട അവസാന ദിവസം. ഈ ദിവസവും പണം ലഭിക്കാതായാതോടെയാണ് സുരേഷ് ജീവനൊടുക്കിയത്. സുരേഷിന്റെ മരണത്തിനു പിന്നാലെ നാട്ടുകാർ ബാങ്കിനുനേർക്ക് കല്ലെറിഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്