കാട്ടാക്കട: കോടതി ഉത്തരവ് പ്രകാരം ദളിത് യുവതിയുടെ വീട് ഇടിച്ചു നിരത്തിയതിൽ പ്രതിഷേധിച്ച് കാട്ടാക്കട പഞ്ചായത്തിൽ ഇന്ന് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യുവതിയും കുടുംബവും കാട്ടാക്കട കുളത്തുമ്മൽ വില്ലേജ് ഓഫീസ് പടിക്കൽ പ്രതിഷേധ സൂചകമായി താമസം തുടങ്ങി. കാട്ടാക്കട കിള്ളി കൊല്ലോട് പാറയിൽ വീട്ടിൽ കുമാരിയുടെ വീടാണ് ഇന്നലെ നെയ്യാറ്റിൻകര കോടതിയുടെ ഉത്തരവ് പ്രകാരം ആമീന്റെ നേത്യത്വത്തിൽ ഇടിച്ചു നിരത്തിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഐ.സാജുവിന്റെ പിതാവ് മുഹമ്മദ് ഇസ്മയിലാണ് ഉത്തരവ് വാങ്ങി വീട് ഇടിച്ചു നിരത്തിയത്. കുമാരിയുടെ വീട് ഇരിക്കുന്ന സ്ഥലം തന്റെതാണെന്നും താമസക്കാരെ ഒഴിപ്പിക്കണമെന്നും കാണിച്ച് ഇസ്മയിൽ കോടതിയിൽ കേസ് നൽകിയിരുന്നു. ഉത്തരവുമായി ആമീനും സംഘവും എത്തിയപ്പോൾ തന്നെ ഇവിടെ സംഘർഷാവസ്ഥ നിലനിന്നിരുന്നു. ബിജെപി ദളിത് മോർച്ചയുടെ ഭാരവാഹിയാണ് കുമാരി. കാട്ടാക്കട സിഐയുടെ നേത്യത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു. തുടർന്നാണ് വീട് ഇടിച്ചുനിരത്തിയത്. ഇതോടെ തനിക്ക് താമസിക്കാൻ ഇടമില്ലെന്നും പറഞ്ഞ് കുമാരിയുടെ കുടുംബം വില്ലേജ് ഓഫീസ് പടിക്കൽ താമസം തുടങ്ങി. പിന്തുണയായി ബിജെപി പ്രവർത്തകരും എത്തി. കൃത്രിമ രേഖകൾ കാണിച്ചാണ് കോടതി ഉത്തരവ് വാങ്ങിയതെന്നും വിഷയത്തിൽ മാനുഷിക പരിഗണന തള്ളപ്പെട്ടുവെന്നും ബിജെപി പ്രവർത്തകർ പറയുന്നു. കഴിഞ്ഞ കുറെ നാളായി വസ്തു തർക്കം ഇരുകൂട്ടരും പലതവണ കേസുമായി പോലീ സ് സ്റ്റേഷനിൽ കയറിയിറങ്ങി യിരുന്നു. കുടിവെള്ളത്തിനായി കുഴൽകിണർ കുഴിപ്പിക്കുകയായിരുന്ന കുമാരിയെ ഡിവൈഎഫ്ഐ നേതാവായ സാജു ആക്ഷേപിച്ചതായും പരാതി ഉണ്ടായിരുന്നു. കുഴൽക്കിണർ കുഴിക്കുന്ന സമയത്ത് സ്ഥലത്തെത്തിയ സാജുവും പിതാവും കിണർ കുഴിക്കുന്നത് തടഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം അസഭ്യം വിളിയും ജാതിപ്പേരുവിളിച്ച് ആക്ഷേപിക്കലും ഉണ്ടായി. സംഭവദിവസം തന്നെ ഇതുസംബന്ധിച്ച് കുമാരി പോലീസിൽ പരാതി നൽകി. എന്നാൽ ഭരണകക്ഷിയിൽപ്പെട്ട ഉന്നതരുടെ സമ്മർദത്തിന് വഴങ്ങി പോലീസ് കേസെടുക്കാൻ തയാറാവുന്നില്ലെന്ന് കുമാരി ആരോപിച്ചിരുന്നു. ദളിത് യുവതിയുടെ പരാതിയിൽ കേസെടുക്കാൻ മടിക്കുന്ന പോലീസിനെതിരെ പട്ടികജാതി മോർച്ചയും യുവമോർച്ചയും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു