സെന്റ് പീറ്റേഴ്സ്ബർഗ്: കൂടംകുളം അണുശക്തി നിലയത്തിൽ രണ്ടു റിയാക്ടറുകൾ സ്ഥാപിക്കുന്നതിന് ഇന്ത്യയും റഷ്യയും കരാർ ഒപ്പിട്ടു. മാസങ്ങൾ നീണ്ട ചർച്ചകൾക്കും വിലപേശലുകൾക്കും ഒടുവിലാണ് ഇന്നലെ കരാർ ആയത്. കഴിഞ്ഞവർഷം ഒപ്പുവയ്ക്കണമെന്നായിരുന്നു മുൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദർശനത്തിലെ ഏറ്റവും പ്രധാന കരാറാണിത്. കൂടംകുളം അണുശക്തിനിലയത്തിൽ രണ്ടു റിയാക്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. രണ്ടെണ്ണം നിർമാണഘട്ടത്തിലാണ്. ഇവയെല്ലാം റഷ്യൻ സഹകരണത്തിൽ നിർമിച്ചതാണ്. ആയിരം മെഗാവാട്ട് വീതം ശേഷിയുള്ളതാണ് കരാറിലായ അഞ്ചാമത്തെയും ആറാമത്തെയും റിയാക്ടറുകൾ. ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയും റഷ്യൻ ആണവ റെഗുലേറ്ററി സ്ഥാപനമായ റോസാറ്റമിന്റെ സബ്സിഡിയറി ആയ അറ്റോംസ്ട്രോയെക്സ്പോർട്ടും ചേർന്നാണ് റിയാക്ടറുകൾ നിർമിക്കുക. ഇതിനാവശ്യമായ വായ്പയുടെ കാര്യത്തിലും ധാരണ ആയിട്ടുണ്ട്. കരാറിനെപ്പറ്റി കഴിഞ്ഞ രണ്ടാഴ്ചകളിൽ സംശയങ്ങൾ ഉടലെടുത്തിരുന്നു. ആണവ ദാതാക്കളുടെ സംഘത്തിൽ (എൻഎസ്ജി) ഇന്ത്യയുടെ അംഗത്വത്തിനു റഷ്യ വേണ്ടത്ര സഹായിക്കുന്നില്ലെന്ന പരാതി ഇന്ത്യക്കുണ്ടായിരുന്നു. ചൈനയോടും പാക്കിസ്ഥാനോടും റഷ്യ കൂടുതൽ അടുപ്പത്തിലാകുന്നതും ഇന്ത്യക്കു ഹിതകരമായിരുന്നില്ല. ഇന്നലെ രാവിലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി മോദി നടത്തിയ സ്വകാര്യ ചർച്ചയിലാണു തർക്കവിഷയങ്ങളിൽ ധാരണയായത്. ഇന്ത്യ-റഷ്യ സഹകരണം വർധിപ്പിക്കാൻ ഒരു കർമ പദ്ധതിക്കു രൂപം നൽകിയതായി ഒൗപചാരിക ചർച്ചയ്ക്കുശേഷം സംയുക്ത പത്രസമ്മേളനത്തിൽ മോദി പറഞ്ഞു. പ്രതിരോധ സഹകരണം കുറേക്കൂടി ഉയർന്ന തലത്തിലേക്കുയർത്തുമെന്നും മോദി പറഞ്ഞു. റഷ്യ നയിക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിൽ ഇന്ത്യക്കും പാക്കിസ്ഥാനും അംഗത്വം നൽകുമെന്നു പുടിൻ അറിയിച്ചു.