കൊച്ചി: മൂന്നു ദിവസത്തെ കേരള സന്ദർശനത്തിന്റെ ഭാഗമായി ഇന്നു കൊച്ചിയിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു പാർട്ടിയെ സജ്ജമാക്കാനുള്ള ചർച്ചകൾക്കു തുടക്കമിടും. എൻഡിഎ സംസ്ഥാനത്തു വിപുലീകരിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കും. രാവിലെ 10. 35ന് നെടുന്പാശേരിയിലെത്തുന്ന അമിത്ഷായെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് 5000 ത്തോളം ബൈക്കുകളുടെ അകന്പടിയോടെ നഗരത്തിലേക്ക് ആനയിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ എറണാകുളം ഗസ്റ്റ് ഹൗസിൽ ബിജെപി കോർ കമ്മിറ്റി യോഗം നടക്കും. സംസ്ഥാനത്തെ പാർട്ടിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന യോഗം പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യും. സാമുദായിക ശക്തികളെ ഒപ്പം നിർത്തുന്നതിനും പ്രമുഖ വ്യക്തികളെ പാർട്ടിയിലേക്ക് എത്തിക്കുന്നതിനുമുള്ള തന്ത്രങ്ങൾക്കു രൂപംനൽകും. ഉച്ചയ്ക്കുശേഷം 2.30 മുതൽ പാലാരിവട്ടം റിനൈ കൊച്ചി ഹോട്ടലിൽ നടക്കുന്ന എൻഡിഎ യോഗത്തിലും അമിത്ഷാ പങ്കെടുക്കും. കേന്ദ്ര ബോർഡ്, കോർപറേഷനുകൾ അടക്കമുള്ള കാര്യങ്ങളിൽ ഘടക കക്ഷികൾ മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യങ്ങൾ ചർച്ചചെയ്യും. മുന്നണിയിലെ പ്രധാന കക്ഷിയായ ബിഡിജെഎസ് ഉൾപ്പെടെയുള്ളവർക്കു പല കാര്യങ്ങളിലും അസംതൃപ്തിയുണ്ട്. വൈകുന്നേരം നാലിന് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കലൂർ റിന്യൂവൽ സെന്ററിൽ അമിത്ഷാ കൂടിക്കാഴ്ച നടത്തും. 5.15ന് കലൂർ എജെ ഹാളിൽ ബിജെപിയുടെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയശേഷം 6.30ന് റിനൈ കൊച്ചി ഹോട്ടലിൽ പാർട്ടി ഓഫീസുകളുടെ നിർമാണച്ചുമതല വഹിക്കുന്നവരുടെ യോഗത്തിലും സംബന്ധിക്കും. രാത്രി 8.30 മുതൽ ക്ഷണിക്കപ്പെട്ട പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ തിരുവനന്തപുരത്തേക്കു പോകുന്ന അമിത്ഷാ പാർട്ടിയുടെ ബൂത്ത് കമ്മിറ്റി ഭാരവാഹി യോഗത്തിലും സംസ്ഥാന ഭാരവാഹി യോഗത്തിലും പങ്കെടുക്കും. തിരുവനന്തപുരം : 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു കേരളത്തിലെ പാർട്ടിയെ സജ്ജമാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ തിരുവനന്തപുരത്തെത്തുന്നു. മൂന്ന്, നാല് തീയതികളിലാണു അമിത്ഷായുടെ സന്ദർശനം. ശനിയാഴ്ച രാവിലെ 10.30-നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷൻ വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമയിൽ ഹാരാർപ്പണം നടത്തും. ഹോട്ടൽ ഹൈസിന്തിൽ പാർട്ടി ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞു 2.30-നു സംഘ് പരിവാർ സംഘടനകളുടെ കേരളത്തിലെ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച ബിജെപി സംസ്ഥാന അധ്യക്ഷനുൾപ്പെടെയുള്ള നേതാക്കളുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 5.40-നു ഡൽഹിക്കു മടങ്ങും