മുരളീസംഗീതം നിലച്ചു

സംഗീതധാരയുടെ ഗിരിശൃംഖങ്ങളിൽനിന്ന് ആ നാദം നിലച്ചിരിക്കുന്നു. നാദപ്രഭാവം കൊണ്ടു ഡോ. ബാലമുരളീകൃഷ്ണ തീർത്ത വിസ്മയലോകത്തുനിന്ന് ആസ്വാദകവൃന്ദം പടിയിറങ്ങാനാവാതെ നിൽക്കുകയാണ്. ശ്രോതാക്കളിൽ സംഗീത ലോകത്തിന്റെ തിരുശേഷിപ്പു ബാക്കിയാക്കി കാലഘട്ടത്തിന്റെ അതുല്യപ്രതിഭ വിടവാങ്ങിയിരിക്കുന്നു. ഇതു കർണാടക സംഗീതത്തിന്റെ തീരാനഷ്ടം. ത്യാഗരാജ സ്വാമികളുടെ ശിഷ്യപരമ്പരയിൽ അഞ്ചാം സ്‌ഥാനക്കാരനായിരുന്നു ഡോ. ബാലമുരളീകൃഷ്ണ. ത്യാഗരാജ സ്വാമികൾക്കുശേഷം വെങ്കിട സുബ്ബയ്യ, ദക്ഷിണാമൂർത്തി സ്വാമികൾ, പാരപ്പുള്ളി രാമകൃഷ്ണ പന്തലു എന്നിവർ കഴിഞ്ഞു ബാലമുരളീകൃഷ്ണയിലെത്തി നിൽക്കുന്നതാണ് ആ പൈതൃകം. സംഗീതത്തിന്റെ പാരമ്പര്യ വഴികളിലൂടെ മാത്രം സഞ്ചരിക്കുമ്പോഴും സർഗവൈഭവവും ജ്‌ഞാനവും തന്റെ സൃഷ്ടികളിലൂടെ ലോകത്തിനു സമ്മാനിക്കാനാണ് എന്നും അദ്ദേഹം ശ്രമിച്ചിരുന്നത്. അതുകൊണ്ടുതന്നെ വരേണ്യവർഗത്തിന്റേതെന്നും സംഗീത ജ്‌ഞാനമുള്ളവർക്കു മാത്രമെന്നും കല്പിച്ചുവച്ച ശാസ്ത്രീയ സംഗീതത്തെ ജനകീയവത്കരിക്കുന്നതിൽ ബാലമുരളീകൃഷ്ണയുടെ പങ്ക് ചെറുതായി കാണാനാവില്ല.ലോകത്തിന്റെ ലാളിത്യം ശാസ്ത്രീയ സംഗീതത്തിലാണെന്ന് എന്നും സമർഥിച്ചിരുന്ന ബാലമുരളീകൃഷ്ണയുടെ സംഗീതസങ്കൽപ്പം സർവലോകത്തിനും ഒരുപോലെ വഴങ്ങുന്നതായിരുന്നു. അന്നുവരെയുണ്ടായിരുന്ന സംഗീത അതിർവരമ്പുകളെ ഭാവനയും സൃഷ്ടിവൈഭവവും കൊണ്ടു വിശാലമാക്കുമ്പോഴും സംഗീതത്തിന്റെ അടിസ്‌ഥാനപാഠത്തിൽ നിന്നു മാറിസഞ്ചരിക്കാൻ ഒരിക്കലും ബാലമുരളീകൃഷ്ണ ശ്രമിച്ചിരുന്നില്ല.ഏഴു പതിറ്റാണ്ടു പിന്നിട്ട സംഗീത ജീവിതത്തിൽ ഗായകൻ, സംഗീതജ്ഞൻ എന്നതിനു പുറമേ നടനായും ബാലമുരളീകൃഷ്ണ കഴിവു തെളിയിച്ചു. വയലിൻ, മൃദംഗം, ഗഞ്ചിറ തുടങ്ങിയ വിവിധ സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നതിൽ വിദഗ്ധനുമായിരുന്നു. സംഗീതത്തിന്റെ സപ്തതി നാളുകൾ പിന്നിടുമ്പോഴേക്കും ഏകദേശം 25,000 കച്ചേരികളാണ് ലോകത്തെമ്പാടുമായി ബാലമുരളീകൃഷ്ണ നടത്തിയത്.ബാല്യത്തിൽ അച്ഛനിൽനിന്നു പകർന്നുകിട്ടിയ സംഗീത പാരമ്പര്യം പാരപ്പുള്ളി രാമകൃഷ്ണ പന്തലുവിന്റെ ശിഷ്യതയിലെത്തിച്ചേർന്നു. ഒമ്പതാം വയസിൽ അരങ്ങേറ്റം നടത്തിയ ബാലമുരളീകൃഷ്ണ പതിന്നാലാം വയസിൽ തന്നെ 72 മേള കർത്താരാഗങ്ങളിലും പ്രാവീണ്യം തേടി. പതിനഞ്ചാം വയസു മുതൽ സ്വയം കീർത്തനങ്ങൾ രചിക്കാനാരംഭിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുമപ്പുറം സംഗീതമാണ് തന്റെ വിദ്യ എന്നു തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെയാണ് നാനൂറോളം രചനകൾ നടത്താൻ അദ്ദേഹത്തിനായതും. ഓംകാരി, ലവംഗി, മഹതി, സിദ്ധി, സുമുഖം, ഗണപതി, കാളിദാസ, ചന്ദ്രിക തുടങ്ങി 25 ഓളം രാഗങ്ങൾക്കും അദ്ദേഹം ജീവൻ പകർന്നു. മാതൃഭാഷയായ തെലുങ്കിനു പുറമെ സംസ്കൃതം, മലയാളം, തമിഴ്, കന്നട, ഹിന്ദി, ബംഗാളി, പഞ്ചാബി ഭാഷകളിലും തന്റെ കയ്യൊപ്പു ചാർത്തുന്നതിൽ ബാലമുരളീകൃഷ്ണ മികവു തെളിയിച്ചു.1967 ൽ ഭക്‌തപ്രഹ്ളാദ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലുള്ള പാടവം തെളിയിക്കുന്നത്. മലയാളത്തിൽ 1982ൽ പി.ജി. വിശ്വംഭരൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത സന്ധ്യക്കെന്തിനു സിന്ധൂരം എന്ന ചിത്രത്തിലും അഭിനേതാവായി പ്രത്യക്ഷപ്പെട്ടു. ജീവിതം പോലെതന്നെ സംഗീതത്തെ ജീവവായുവായി വിശ്വസിക്കുന്ന ഭാഗവതരുടെ വേഷമായിരുന്നു ചിത്രത്തിലും. തന്റെ സംഗീത ജീവിതത്തിൽ സിനിമാസംഗീതശാഖയോട് എന്നും ചേർന്നിരിക്കാൻ ബാലമുരളീകൃഷ്ണ ശ്രമിച്ചിരുന്നു. കാരണം സംഗീതസുഭദ്രമായ ജീവിതത്തിൽ പരീക്ഷണങ്ങൾക്കും ആത്മാന്വേഷണഗീതത്തിനും അദ്ദേഹം പ്രാധാന്യം നൽകിയിരുന്നു. അതുതന്നെയാണ് മികച്ച ഗായകനും സംഗീതജ്‌ഞനുമുള്ള ദേശീയ പുരസ്കാരങ്ങൾ നേടാൻ ബാലമുരളീകൃഷ്ണയെ സഹായിച്ചത്. മലയാള സംഗീതധാരയ്ക്കു പകർന്ന ഓജസിന്റെ തെളിവായിരുന്നു ഗായകനും മികച്ച ശാസ്ത്രീയ സംഗീതജ്‌ഞനുള്ള പുരസ്കാര മഹിമയ്ക്കൊപ്പം സ്വാതി സംഗീതപട്ടവും അദ്ദേഹത്തിന് ആദരവായി പകർന്നുനൽകിയത്. സംഗീതജ്‌ഞാനത്തിനൊപ്പം ഫലിതപ്രിയമുള്ളതുമായിരുന്നു ബാലമുരളികൃഷ്ണയുടെ മനസ്. തന്റെ ദുഃഖങ്ങളെ സരസമായി നേരിടാൻ അദ്ദേഹം ശ്രമിച്ചിരുന്നു. സംഗീത യൂണിവേഴ്സിറ്റി പ്രോ– ചാൻസലർ പദവിയും ഒമ്പതോളം യൂണിവേഴ്സിറ്റികളുടെ ഡോക്ടറേറ്റ് പദവിയും തേടിയെത്തിയപ്പോൾ തന്റെ സ്കൂൾ വിദ്യാഭ്യാസ നഷ്ടത്തിനെ ജീവിതത്തിന്റെ ലാഭമായി കാണാൻ ആ മനസ് പഠിച്ചു. സംഗീതത്തിന്റെ മാന്ത്രികതയുടെ മൂല്യം തിരിച്ചറിഞ്ഞപ്പോഴാണു മനുഷ്യശരീരത്തിന്റെ ആഴങ്ങളിലേക്കു ഇറങ്ങിച്ചെല്ലുന്ന മ്യൂസിക് തെറാപ്പിയിലേക്കു അദ്ദേഹം എത്തിച്ചേർന്നത്.പാശ്ചാത്യർ അതിന്റെ പുതിയ ദിശകളിലേക്കു ചെല്ലുമ്പോഴും ഭാരതീയ ജനത അതിനോടു അകലം പാലിച്ചതു ബാലമുരളീകൃഷ്ണയെ വേദനിപ്പിച്ചിരുന്നു. പാടുന്ന വ്യക്‌തിയുടെ ഉദ്ദേശ്യവും രാഗോപയോഗത്തിന്റെ മികവുമാണ് ഈ ചികിത്സാരീതിയുടെ അടിസ്‌ഥാനമെന്ന് അദ്ദേഹം പഠിപ്പിച്ചു.വേദികളിൽ സംഗീതമയമായി പരിണമിക്കുന്ന ബാലമുരളിനാദം ആത്മത്തിലലിഞ്ഞു ചേർന്നിരിക്കുന്നു. ഇനി ആ സംഗീതധാര ആസ്വാദക ഹൃദയത്തിന്റെ അലയൊലികളായി ലോകത്തിലേക്കു പകർന്നൊഴുകും. സാധാരണക്കാരന് അന്യമായിരുന്ന സംഗീതശ്രേണിയിലേക്ക് അവരെ അടുപ്പിച്ച ആ സർഗവിസ്മയം സർവമയമായി രൂപപ്പെടുകയാണ്. ശാസ്ത്രീയ അടിത്തറയിൽനിന്നുകൊണ്ടു കാലത്തിനുമപ്പുറം ബാലമുര ളീകൃഷ്ണയുടെ സംഗീതം സഞ്ചരിച്ചിരിക്കുന്നു. ഇനി നൂറ്റാണ്ടിന്റെ സംഗീതം ഓർമകളിൽ ജീവിക്കും