കൊട്ടാരക്കര: ദേവസ്വം വേദികൾ സമരവേദികളോ അഴിമതി വേദികളോ ആകരുതെന്ന് ആർഎസ്പി ദേശീയ സെക്രട്ടറി പ്രഫ.റ്റി.ജെ. ചന്ദ്രചൂഡൻ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ 52–ാം സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊട്ടാരക്കരയിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിലാണ് അതിന്റെ നിലനില്പ്. എന്നാൽ ദേവസ്വംബോർഡ് ഉണ്ടായ നാൾമുതൽ അഴിമതിയുടെ കഥകൾ കേൾക്കുന്നുണ്ട്. അഴിമതിക്കാരെ സംരക്ഷിക്കരുത്. ഒരു കാലത്ത് ദാരിദ്രത്തിലായിരുന്ന ക്ഷേത്രജീവനക്കാരുടെ അവസ്‌ഥയ്ക്ക് ഇന്നു മാറ്റമുണ്ടായി. പോരാടാനുള്ള കരുത്ത് ക്ഷേത്രം ജീവനക്കാർക്ക് നൽകിയത് ദേവസ്വം എംപ്ലോയീസ് യൂണിയനാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്പി സംസ്‌ഥാന സെക്രട്ടറി എ.എ.അസീസ് പ്രഭാഷണം നടത്തി. ഇടവനശേരി സുരേന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എസ്.വേണുഗോപാൽ, ഫിലിപ്.കെ.തോമസ്, റ്റി.സി.വിജയൻ, സി.പി.സുധീഷ്കുമാർ, റ്റി.കെ.സുൾഫി, ബി.തുളസീധരൻപിള്ള, കെ.ശശികുമാർ, രത്നകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.