ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാകുന്നതോടെ കോർപറേറ്റുകൾ കൊള്ളലാഭം കൊയ്യുന്ന അവസ്ഥയുണ്ടാകുമെന്ന് സംസ്ഥാന ധനമന്ത്രി ഡോ. എം. തോമസ് ഐസക്. വേണ്ടത്ര തയാറെടുപ്പുകൾ ഇല്ലാതെയാണ് കേന്ദ്രസർക്കാർ ജിഎസ്ടി നടപ്പാക്കാനൊരുങ്ങുന്നത്. നിരവധി മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നു കേന്ദ്രം പറയുന്പോൾ ഇവയിൽ പലതും അപര്യാപ്തമാണെന്നാണു വ്യക്തമാകുന്നതെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു. 28 ശതമാനത്തിൽനിന്ന് 18ഉം 12ഉം ശതമാനം നികുതിയിലേക്കു താഴ്ത്തിയ ചരക്കുകൾ എല്ലാംതന്നെ എംആർപി വിലയ്ക്കു വിൽക്കുന്നതാണ്. ഇന്നു 30ഉം 35ഉം ശതമാനം നികുതി നിരക്ക് അടങ്ങുന്ന വില കുറയ്ക്കുമോ എന്നതാണ് പ്രധാന ചോദ്യം. ഇല്ലെങ്കിൽ ജിഎസ്ടി കോർപറേറ്റുകളുടെ കൊള്ളലാഭത്തിനു മാത്രം വഴി തെളിക്കും. ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വന്നാലും ഉത്പന്നങ്ങൾ പഴയ മാക്സിമം റീട്ടെയിൽ പ്രൈസിന് (എംആർപി) തന്നെ വിറ്റ് കോർപറേറ്റുകൾക്ക് ജനങ്ങളെ ചൂഷണം ചെയ്യാനുള്ള അവസരം ഒരുക്കുന്നത് അംഗീകരിക്കാനാകില്ല. നികുതിനിരക്കിലുണ്ടാകുന്ന മാറ്റം മുന്നിൽക്കണ്ട് സിമന്റ് കന്പനികൾ ഉൾപ്പെടെ വില കാര്യമായി വർധിപ്പിച്ചിട്ടുണ്ട്. നികുതിയിൽ മാറ്റം വരുന്നതോടെ കൂട്ടിയ വില അല്പം കുറച്ച് ലാഭത്തോതു നിലനിർത്താനാ ണ് ഇവരുടെ നീക്കം. ഇത്തരം കന്പനികൾക്കെതിരേ കൊള്ളലാഭം തടയുന്ന ആന്റി പ്രോഫിറ്ററിംഗ് ക്ലോസ് ഉപയോഗിച്ച് കർശന നടപടി സ്വീകരിക്കണം. നികുതി നിരക്ക് അനുസരിച്ച് ഉത്പന്നങ്ങളുടെ വില ക്രമീകരിക്കണമെന്ന ആവശ്യം ജിഎസ്ടി കൗണ്സിൽ യോഗത്തിൽ കേരളം മുന്നോട്ടു വച്ചിട്ടുണ്ട്. ജിഎസ്ടി നടപ്പാകുന്പോൾ കേന്ദ്ര-സംസ്ഥാനങ്ങളുടെ മൊത്തം വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കും. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഒന്നാം വർഷംതന്നെ ഒരു ലക്ഷം കോടിയുടെ കുറവ് ഉണ്ടാകുമെന്നാണ് തന്റെ കണക്കു കൂട്ടലെന്നും അദ്ദേഹം പറഞ്ഞു. ആദ്യവർഷത്തിൽ 50,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ. നികുതിനിരക്ക് കുറയ്ക്കുന്നതിനെ ഒരു ധനമന്ത്രിക്കു മാത്രമായി എതിർക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജിഎസ്ടി നടപ്പാക്കുന്നതോടെ നികുതിവെട്ടിപ്പ് ഇല്ലാതാകും. ഇനിയും ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ജിഎസ്ടി ബിൽ തിടുക്കപ്പെട്ട് അവതരിപ്പിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.