തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ത്യൻ കോഫീഹൗസുകളിൽ ദേശാഭിമാനി പത്രം വരുത്തിയാൽ മതിയെന്ന ഉത്തരവ് വിവരക്കേടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ പാടില്ലാത്തതാണ്. ഈ ഉത്തരവ് പുനപരിശോധിക്കും- മന്ത്രി പറഞ്ഞു. കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രവും വേണ്ടെന്ന് അഡ്മിനിട്രേറ്ററാണ് ഉത്തരവിറക്കിയത്. കോഫീ ബോര്‍ഡ് ഓഫീസുകളിലും പാര്‍ട്ടി പത്രം മാത്രമേ ഇനിയുണ്ടാകാവൂ എന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ മാസം ഒന്നുമുതലാണ് ഉത്തരവ് നടപ്പാക്കിയതെന്നാണ് വിവരം. കോഫി ഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ ജനപ്പിക്കുന്ന വാര്‍ത്തകളാണ് മറ്റുപത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും ദേശാഭിമാനി മാത്രമാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ്. ഉത്തരവിനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ എം.എം.ഹസനടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഭരണസ്വാധീനം ഉപയോഗിച്ച് പാര്‍ട്ടി പത്രത്തിന്‍റെ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.