കോഴിക്കോട്: സംസ്ഥാനത്തെ കൊള്ളപ്പലിശക്കാർക്കെതിരേ കർശന നടപടി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ടി.പി. സെൻകുമാറിന്റെ പുതിയ സർക്കുലർ. മലയോര ഗ്രാമങ്ങളിലും പാലക്കാട് പോലുള്ള ജില്ലകളിലും അമിത പലിശയ്ക്ക് പണം നൽകുന്നവരുടെ കെണിയിൽപെട്ട് നിരവധി കുടുംബങ്ങൾ ദുരിതം അനുഭവിക്കുന്നതായ വാർത്തകളെ തുടർന്നാണ് പഴയ ഓപറേഷൻ കുബേര പുനരാരംഭിക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും ഡിജിപി സർക്കുലറയച്ചത്. ഇത്തരം പരാതികളിൽ എല്ലാ ജില്ലാ പോലീസ് മേധാവിമാരും ഡിജിപിയുടെ 2014ലെ 10-ാം നമ്പർ സർക്കുലറും, 12-ാം നമ്പർ എക്സിക്യൂട്ടീവ് ഉത്തരവും അനുസരിച്ച് നിയമാനുസൃത നടപടി കൈക്കൊള്ളണമെന്ന് സെൻകുമാർ മേയ് 16ന് ഇറക്കിയ 101/പിആർ/പിഎച്ച്ക്യു നമ്പർ സർക്കുലറിൽ പറയുന്നു. പൊതുജനങ്ങൾക്ക് കൊള്ളപ്പലിശക്കാരെക്കുറിച്ചുള്ള പരാതികൾ 8547546660 എന്ന നമ്പറിൽ അറിയിക്കാം. ബാങ്കുകൾ നിശ്ചയിച്ച പലിശ നിരക്കിനേക്കാൾ രണ്ട് ശതമാനത്തിലധികം പലിശ ഈടാക്കുന്നതുപോലും നിയമപ്രകാരം കുറ്റകരമാണെന്നിരിക്കെ പത്തിരട്ടി വരെ പലിശയ്ക്കാണ് ബ്ലേഡ് മാഫിയ കടം കൊടുക്കുന്നത്. പ്ലസ്ടു പരീക്ഷാഫലം അറിവായതോടെ മക്കളെ വിവിധ കോഴ്സുകൾക്ക് ചേർക്കാനായി രക്ഷിതാക്കൾ നെട്ടോട്ടത്തിലാണ്. ഇതും ബ്ലേഡുകാർ മുതലെടുക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എസ്ബിഐയിൽ ലയിച്ചതോടെ ഇവിടെനിന്നു വായ്പ ലഭിക്കാൻ കാലതാമസം അനുഭവപ്പെടുന്നു. ഓഫീസർമാർ പരിശീലനത്തിന് പോയെന്ന പേരിലാണിത്. ഇതു മുതലെടുത്താണ് പഴയ ബ്ലേഡ് മാഫിയ ഗ്രാമങ്ങളിലും മറ്റും തലപൊക്കിയത്.