സ്വാശ്രയ ഫീസ് വർധനയുടെ പിന്നിൽ അഴിമതിയുടെ ഗന്ധം: ഹസൻ തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ ഫീസ് വർധനവിനു പിന്നിൽ അഴിമതിയുടെ ഗന്ധമുണ്ടെന്നു കെപിസിസി പ്രസിഡന്റ് എം.എം ഹസൻ. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളിൽ ഒന്നും ഉണ്ടാകാത്ത തരത്തിൽ മാനേജ്മെന്റുകൾ ആവശ്യപ്പെട്ടതിനേക്കാൾ കൂടുതൽ ഫീസാണ് ഇക്കുറി സ്വാശ്രയ മെഡിക്കൽ ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ഈ ഫീസ് വർധനവിലൂടെ 150 കോടിയുടെ അധിക വരുമാനമാണ് സ്വാശ്രയ മാനേജ്മെന്റുകൾക്ക് സർക്കാർ ഉണ്ടാക്കി കൊടുത്തത്. ഇതിൽ സർക്കാരിനും സിപിഎമ്മിനും എന്തുകിട്ടിയെന്നു വ്യക്തമാക്കണം. പാർട്ടി വളർത്താൻവേണ്ടി സിപിഎമ്മും ബിജെപിയും കണ്ണൂരിൽ കൊലപാതക രാഷ്ട്രീയം നടത്തുകയാണ്. രണ്ടു പാർട്ടികളും കൊലക്കത്തി താഴെയിട്ട് അക്രമപാത ഉപേക്ഷിക്കണം. കണ്ണൂരിൽ അഫ്സ്പ നിയമം നടപ്പാക്കണമെന്നതിനോടു കോണ്‍ഗ്രസിന് അനുകൂല നിലപാടല്ല ഉള്ളതെന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.