ന്യൂഡൽഹി: പാൻ, ആധാർ കാർഡുകളിലെ തെറ്റുകൾ തിരുത്താൻ ആദായനികുതി വകുപ്പ് ഓണ്‍ലൈൻ സംവിധാനം ഏർപ്പെടുത്തി. ആദായനികുതി വകുപ്പ് വെബ്സൈറ്റി (https://incometaxindiaefiling.gov.in/) ന്റെ ഹോംപേജിൽ പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാനുള്ള ലിങ്കിനൊപ്പം മറ്റു രണ്ടു ലിങ്കുകൾ കൂടി നൽകിയിട്ടുണ്ട്. ഒന്ന് പുതിയ പാൻ കാർഡിന് അപേക്ഷിക്കാനും പാൻ കാർഡിൽ കൂടുതൽ വിവരങ്ങൾ ചേർക്കാനുള്ളതുമാണ്. ആധാർ സെൽഫ് സർവീസ് അപ്ഡേറ്റ് പോർട്ടൽ എന്ന രണ്ടാം ലിങ്കിൽ ആധാർ നന്പർ നൽകി കയറിയാൽ കാർഡിലെ വിവരങ്ങളിൽ തിരുത്തൽ വരുത്താൻ സാധിക്കും. പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സംവിധാനം കഴിഞ്ഞദിവസം നിലവിൽവന്നിരുന്നു. ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിലെ ഹോംപേജിൽ ആധാർ ചേർക്കാനുള്ള ലിങ്ക് കാണാം. ലിങ്ക് തുറന്നശേഷം പാൻ, ആധാർ നന്പർ, ആധാറിലെ പേര് എന്നിവ അതതു കോളങ്ങളിൽ രേഖപ്പെടുത്തണം. അപ്പോൾ യുഐഡിഎഐയിൽ നിന്നു സന്ദേശം ലഭിക്കും. ചെറിയ പിഴവുണ്ടായാൽ ആധാർ ബന്ധിപ്പിക്കൽ നടക്കില്ല. മൊബൈലിലേക്കും ഇമെയിലിലേക്കും അയക്കുന്ന ഒറ്റത്തവണ സന്ദേശം ഉപയോഗിച്ചാലേ തുടർസേവനം ലഭ്യമാകൂ. ജനനത്തീയതി, ലിംഗം എന്നിവ പാൻ കാർഡിലും ആധാറിലും ഒരുപോലെയാകണം. ഇതിനായി പ്രത്യേകം ലോഗിൻ ചെയ്യേണ്ടതില്ല. പാൻ കാർഡുള്ള ആർക്കും സൈറ്റിൽ കയറി ആധാറുമായി ബന്ധിപ്പിക്കാമെന്നാണ് വിശദീകരണം. ജൂലൈ ഒന്നുമുതൽ പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കേണ്ടത് കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്.