ചെക്ക് പോസ്റ്റുകളിൽ മുഴുവൻ സമയവും പോലീസ് സാന്നിധ്യം ഉറപ്പാക്കണം: ഡിജിപി തിരുവനന്തപുരം: അതിർത്തി ചെക്ക് പോസ്റ്റുകളിലെല്ലാം 24 മണിക്കൂറും പോലീസ് സാന്നിധ്യം ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാർ ജില്ലാ പോലീസ് മേധാവിമാർക്കു നിർദേശം നൽകി. വാളയാർ, കമ്പംമേട്, മഞ്ചേശ്വരം, ആര്യങ്കാവ് തുടങ്ങി സംസ്ഥാനത്തെ എല്ലാ പ്രധാന ചെക്ക് പോസ്റ്റുകളിലും പോലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നാണു നിർദേശം. ഗുണ്ടകളുടെയും സാമൂഹിക വിരുദ്ധരുടെയും ഇടപെടൽ മൂലം വിൽപ്പന നികുതി ഉദ്യോഗസ്ഥർക്കു പരിശോധനയ്ക്കു ബുദ്ധിമുട്ട് നേരിടുന്നുവെന്നും ഇതു തടയാൻ നടപടി സ്വീകരിക്കണമെന്നും ധനമന്ത്രി ടി.എം. തോമസ് ഐസക് പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. വാളയാർ ഉൾപ്പെടെ പല ചെക്ക് പോസ്റ്റുകളിലും റോഡുകളുടെ മീഡിയനുകൾ ഗുണ്ടകൾ കൈവശപ്പെടുത്തി വിശ്രമ സങ്കേതങ്ങളാക്കുന്നതു തടയണം. ഗുണ്ടകൾ വിൽപ്പന നികുതി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും മറ്റു തരത്തിലുള്ള അതിക്രമങ്ങളും ചെക്ക് പോസ്റ്റുകളിൽ നിയമിക്കപ്പെടുന്ന പോലീസ് ടീമംഗങ്ങൾ കർശനമായി തടയണം. മീഡിയനുകളിലെ കൈയേറ്റങ്ങളും മറ്റും ദേശീയപാതാ അധികൃതരുടെ സഹായത്തോടെ നീക്കണം. ചെക്ക് പോസ്റ്റുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ സിഐ അടുത്ത രണ്ടു മാസത്തേക്കു കുറഞ്ഞതു രണ്ടു ദിവസത്തിലൊരിക്കൽ ചെക്ക് പോസ്റ്റുകൾ സന്ദർശിച്ച് അവയുടെ പ്രവർത്തനം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും പോലീസ് മേധാവി നിർദേശിച്ചു.