എസ്ബിഐ: അക്കൗണ്ട് റദ്ദാക്കിയാലും ചാർജ്! കോഴിക്കോട്: നിലവിലുള്ള അക്കൗണ്ട് റദ്ദാക്കിയവരിൽനിന്ന് എസ്ബിഐ പിഴയീടാക്കുന്നു. 575 രൂപയാണു പിഴ. വിവിധ സർവീസ് ചാർജുകൾ ഈടാക്കി വിവാദ ഉത്തരവുകളിറക്കിയ എസ്ബിഐയാണ് അക്കൗണ്ട് ഉപേക്ഷിക്കുന്നവരെപ്പോലും വെറുതെ വിടാത്തത്. എസ്ബിടി-എസ്ബിഐ ലയനത്തെത്തുടർന്ന് ഒരേ ബാങ്കിൽ ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ (ഡിഡ്യൂപ്ലിക്കേഷൻ) ഉള്ള വ്യക്തികളെ നേരിൽക്കണ്ട് ഒരു അക്കൗണ്ട് ആക്കണമെന്ന് എസ്ബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനുവേണ്ടി പരസ്യത്തിനുൾപ്പെടെ കോടികളാണു ബാങ്ക് ചെലവഴിച്ചിരുന്നത്. ഡീ ഡ്യൂപ്ലിക്കേഷൻ വരുന്നതിലൂടെ ബാങ്കിനു വരുന്ന നഷ്ടം പരിഹരിക്കാനാണ് ഈ നടപടി. എന്നാൽ, എസ്ബിഐ -എസ്ബിടി ലയനത്തിലൂടെ രണ്ട് ബാങ്കിലും അക്കൗണ്ട് ഉള്ളവർ ഏതെങ്കിലും ഒരു അക്കൗണ്ട് പിൻവലിക്കാൻ എത്തുന്പോൾ ഇവരിൽനിന്നു ബാങ്ക് പിഴയീടാക്കുകയാണ്. ഡീ ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കി ബാങ്കിനെ സഹായിക്കാനെത്തുന്നവരെയാണ് പിഴിയുന്നത്. എടിഎം വഴി പണം പിൻവലിക്കുന്നതിനുണ്ടായിരുന്ന സൗജന്യം ഒഴിവാക്കിയ നടപടി പിൻവലിച്ചെങ്കിലും ആശയക്കുഴപ്പം ഇപ്പോഴും തീർന്നിട്ടില്ല. എസ്ബിഐക്കെതിരേയുണ്ടായ ജനരോഷം മുതലാക്കാൻ സ്വകാര്യ ബാങ്കുകളും സജീവമായി രംഗത്തുണ്ട്.