കോട്ടയം: സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിനു മികച്ച തുടക്കമാണെങ്കിലും അതിനർഥം സർക്കാരിനു കുറവുകളില്ലെന്നല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിൽ നടന്ന ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദേഹം. നമ്മൾ സൃഷ്ടിച്ച കുറവുകൾ സ്വയം തിരുത്തി മുന്നോട്ടുപോവും. ഇടതുപക്ഷത്തിന്് അക്കാര്യത്തിൽ ആർജവമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ കഴിയണം. പദ്ധതികൾ നടപ്പാക്കാൻ ഏറ്റവും കൂടുതൽ സഹായസഹകരണം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകണം. ഉദ്യോഗസ്ഥർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾക്കു ചെവികൊടുക്കാൻ സർക്കാരിനും കഴിയണം. ഫയലുകളിൽ ഉറങ്ങുന്നത് ജീവിതമാണെന്ന തോന്നൽ ഉണ്ടാക്കി അഴിമതിക്കെതിരെ ജനസൗഹൃദ സിവിൽ സർവീസ് വളർത്തിയെടുക്കണം. പ്രശ്നങ്ങൾ സങ്കീർണമാക്കാതെ ഫയലുകൾ വേഗം തീർപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തമുണ്ടെന്നും കാനം പറഞ്ഞു.