പാരീസ്: ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായി 39കാരനായ എമ്മാനുവൽ മാക്രോൺ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നെപ്പോളിയൻ ബോണപ്പാർട്ടിനുശേഷം ഇത്രയും പ്രായംകുറഞ്ഞ പ്രസിഡന്റ് അധികാരത്തിലെത്തുന്നത് ആദ്യമാണ്. എലീസി കൊട്ടാരത്തിൽ നടന്ന സ്ഥാനാരോഹണച്ചടങ്ങിനു മുന്പ് സ്ഥാനമൊഴിയുന്ന സോഷ്യലിസ്റ്റ് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദുമായി മാക്രോൺ രഹസ്യ ചർച്ച നടത്തി. ആണവ കോഡ് ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങൾ സംബന്ധിച്ചായിരുന്നു ചർച്ച. അധികാരമേറ്റയുടൻ ആണവ കോഡുകൾ മാക്രോണിനു ലഭിച്ചു. അധികാരകൈമാറ്റത്തിനുശേഷം 21 ആചാരവെടികൾ മുഴങ്ങിയതോടെ പാരീസിലും ഇതര നഗരങ്ങളിലും ആഘോഷപരിപാടികൾക്കു തുടക്കമായി.