ന്യൂഡൽഹി: മുത്തലാഖിനെ വധ ശിക്ഷയോട് ഉപമിച്ച് സുപ്രീം കോടതി. പല രാജ്യങ്ങളിലും വധശിക്ഷയ്ക്കെതിരേ ശക്തമായ എതിർപ്പുണ്ടെങ്കിലും അതിനു നിയമപരമായ പിന്തുണ ഉള്ളതു പോലെയാണ് മുത്തലാഖ് നിയമപരമാകുന്നതെന്നാണ് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്. മുത്തലാഖിനെ ന്യായീകരിക്കുന്നവരുണ്ടാകാം. എന്നാൽ, ഏറ്റവും നീചമായ വിവാഹമോചന രീതിയാണ് ഇതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇസ്ലാം മതം മുത്തലാഖ് പാപമായി പറയുന്നുണ്ടെങ്കിലും ഇതനുവദിക്കുന്നുണ്ടെന്ന് കേസിൽ അമിക്കസ് ക്യൂറി കൂടിയായ മുൻ മന്ത്രി സൽമാൻ ഖുർഷിദിന്റെ വാദത്തോടെയാണ് വിഷയത്തിൽ സുപ്രീംകോടതി നിരവധി സംശയങ്ങളുന്നയിച്ചത്. ദൈവത്തിന്റെ കണ്ണിൽ അപരാധമായ കാര്യം നിയമത്തിന്റെ കണ്ണിൽ ശരിയാകുന്നതിൽ ഒൗചിത്യക്കുറവില്ലേയെന്ന് ചീഫ് ജസ്റ്റീസ് ആരാഞ്ഞു. തുടർന്നാണ് പലരാജ്യങ്ങളിലും തെറ്റും പാപവുമായി കണക്കാക്കുന്ന വധശിക്ഷയ്ക്ക് നിയമപരമായ അംഗീകാരമുള്ള വസ്തുത ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാണിച്ചത്. മുത്തലാഖിന് ഇന്ത്യയിൽ മാത്രമേ നിയമസാധുതയുള്ളോയെന്ന സംശയവും വാദത്തിനിടെ ബെഞ്ച് ഉന്നയിച്ചു. ചീഫ് ജസ്റ്റീസിനു പുറമേ ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, ആർ.എഫ്. നരിമാൻ, യു.യു . ലളിത്, അബ്ദുൾ നസീർ തുടങ്ങിയവരാണ് ബെഞ്ചിലുള്ളത്. പാപമാണെന്നു ദൈവം ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം മനുഷ്യ നിയമങ്ങൾകൊണ്ടു ന്യായീകരിക്കാനാകുമോ എന്നായിരുന്നു ജസ്റ്റീസ് കുര്യൻ ജോസഫിന്റെ ചോദ്യം. ഇക്കാര്യത്തിൽ ഓൾ ഇന്ത്യ മുസ്ലിം േപഴ്സണൽ ലോ ബോർഡിന്റെ അഭിപ്രായം ആരായുന്നതു നന്നായിരിക്കുമെന്ന് സൽമാൻ ഖുർഷിദ് ചൂണ്ടിക്കാട്ടി. മുത്തലാഖ് മൗലികമല്ലാത്തതിനു പുറമേ ഇസ്ലാമിന്റെ തത്വങ്ങൾക്ക് എതിരാണെന്ന് മുൻ കേന്ദ്രമന്ത്രിയായ ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി. ശരിയത്ത് നിയമങ്ങൾ ഖുറാനെ ആധികാരികമാക്കിയുള്ളതാണ്. എന്നാൽ, ചിലർ ഖുറാനെ തങ്ങൾക്കിഷ്ടമുള്ള തരത്തിൽ വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ നഗ്നമായ ലംഘനമാണ് മുത്തലാഖെന്ന് ഫോറം ഫോർ അവെയ്ർനസ് ഓഫ് നാഷണൽ സെക്യൂരിറ്റിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാംജത്മലാനി വാദിച്ചു. വിവാഹമോചനം പുരുഷൻമാരുടെ മാത്രം ഏർപ്പാടായി മാറ്റുന്ന ആചാരമാണ് മുത്തലാഖ് എന്നും ലിംഗപരമായ വിവേചനം കൂടി ഉൾപ്പെടുന്നതിനാൽ അത് ഭരണഘടനയുടെ 15-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു. മുത്തലാഖിന് എതിരായ ഹർജികൾ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ദിവസം വാദം കേൾക്കലിനുള്ള പരിഗണനാ വിഷയങ്ങൾ തയാറാക്കിയിരുന്നു.