നാദാപുരം: പാന്പാടി നെഹ്റു എൻജിനിയറിംഗ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി നൽകിയ വാക്ക് പാലിച്ചില്ലെന്ന് മാതാവ് മഹിജ. കേസിൽ കൃത്യ വിലോപം കാട്ടിയ പോലീസുകാർക്കെതിരേയും കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരേയും നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഒരു മാസക്കാലമായിട്ടും പാലിച്ചിട്ടില്ല. കേസ് വളരെ ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതിയിൽ പ്രതീക്ഷയുണ്ട്. ജിഷ്ണു ശാരീരികമായി പീഡിപ്പിക്കപ്പെട്ടെന്നു കരുതുന്ന ഇടിമുറിയിൽ നിന്ന് ആവശ്യത്തിന് രക്ത സാന്പിളുകൾ രാസവസ്തുക്കൾ ഉപയോഗിച്ച് പൊലീസ് ശേഖരിച്ചിരുന്നു. പരിശോധനയിൽ ഈ രക്തം ഒ പോസിറ്റിവ് ആണെന്ന് സ്ഥിതീകരിച്ചിരുന്നു. രക്തത്തിൽ നിന്ന് ഡിഎൻഎയും വേർതിരിച്ചിരുന്നു. ഇടിമുറിയിൽ നിന്ന് ലഭിച്ച രക്തം ജിഷ്ണുവിന്റെതാണെന്നു സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധന നടത്തേണ്ടിയിരുന്നു. ഇതിനായി കേസന്വേഷണ സംഘം നാദാപുരത്തെത്തി ജിഷ്ണുവിന്റെ മാതാപിതാക്കളെ നാദാപുരം സർക്കാർ ആശുപത്രിയിൽ വിളിച്ചുവരുത്തി രക്ത സാന്പിളുകൾ ശേഖരിച്ചിരുന്നു. എന്നാൽ പോലീസ് ഇപ്പോൾ പറയുന്നത് ഇടിമുറിയിൽ നിന്നും ആവശ്യത്തിന് രക്തസാന്പിളുകൾ ലഭിച്ചില്ല എന്നാണ്. ഇത് കോളജ് അധികൃതർ പ്രതിയാകുന്ന ഘട്ടത്തിലെത്തിയപ്പോഴുള്ള പൊലീസിന്റെ ഉരുണ്ടു കളിയാണ്. കേസ് അട്ടിമറിക്കാൻ മുന്പ് നിരവധി ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. വ്യാജ ആതാമഹത്യാകുറിപ്പ് സൃഷ്ടിച്ചതും ഇതിന്റെ ഭാഗമാണ്. ഇത് അത്തരത്തിലുള്ള മറ്റൊരു ശ്രമത്തിന്റെ ഭാഗമാണ്. ജിഷ്ണുവിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകൾ തെളിവായിരുന്നെങ്കിലും പോസ്റ്റ്മോർട്ടം സമയത്ത് അത് വേണ്ടത്ര പരിഗണിക്കാതെ പോയി. രക്ത സാന്പിളുകൾ നാനോ പരിശോധന ഉൾപ്പെടെയുള്ള മാർഗങ്ങൾ സ്വീകരിച്ചാൽ വേണ്ടത്ര തെളിവുകൾ ലഭിക്കുമെന്നും ജിഷ്ണുവിന്റെ മാതാവ് പറഞ്ഞു.