തിരുവനന്തപുരം: കണ്ണൂർ രാഷ്ട്രീയ കൊലപാതകത്തിൽ ഗവർണർക്കെതിരേ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത്. ബിജെപിയുടെ പരാതി മുഖ്യമന്ത്രിക്ക് കൈമാറാനുള്ള ഇടനിലക്കാരാനായി ഗവർണർ പ്രവർത്തിക്കേണ്ട ആവശ്യമില്ലെന്നും ഗവർണർ എന്ന നിലയിലുള്ള ശക്തമായ നടപടികളാണ് അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലായിരുന്നു എം.ടി.രമേശിന്റെ വിമർശനം. പിണറായി വിജയൻ കേരളാ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് പരാതിയുമായി ഗവർണറെ സമീപിക്കുന്നത്. ആ പരാതി മുഖ്യമന്ത്രിക്ക് കൈമാറാൻ ഗവർണറുടെ ഇടനില ആവശ്യമുണ്ടോ? കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് അഡ്രസ് അറിയാത്തതു കൊണ്ടല്ലല്ലോ ബിജെപി നേതാക്കൾ രാജ്ഭവനിലെത്തി പരാതി നൽകിയത്. ഒരു ഗവർണർക്ക് കൈക്കൊള്ളാവുന്ന എത്രയോ നടപടികൾ ഉണ്ട്. അത് ചെയ്യാൻ പറ്റുമോ എന്നതാണ് ചോദ്യം. മറ്റെല്ലാവരെപ്പോലെയും ജീവിക്കാനും സംഘടനാ പ്രവർത്തനം നടത്താനും കണ്ണൂരിലെ ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കും അവകാശമുണ്ട്. അത് ഉറപ്പാക്കണമെന്നാണ് ആവശ്യം. അല്ലാതെ ആരുടേയും ഒൗദാര്യമല്ല ചോദിക്കുന്നത്. ഈ സംഘടനക്ക് അത് വാങ്ങി ശീലവുമില്ല- എം.ടി.രമേശ് ഫേസ്ബുക്കിൽ കുറിച്ചു. പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണറെ കണ്ടിരുന്നു. ഇവർ നിവേദനവും കൈമാറി. ബിജെപി നേതാക്കളുടെ നിവേദനം ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്കു കൈമാറി. ഇതിനെതിരേയാണ് ബിജെപി നേതൃത്വം രംഗത്തെത്തിയത്.