എംഎൽഎയുടെ പരസ്യശകാരം; വനിതാ ഐപിഎസ് പൊട്ടിക്കരഞ്ഞു ഗോരഖ്പുർ: ബിജെപി എംഎൽഎ പരസ്യമായി ശകാരിച്ചതിനെത്തുടർന്നു യുവ വനിതാ ഐപിഎസ് ഒാഫീസർ പൊട്ടിക്കരഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിലെ ഒരു മദ്യശാലയ്ക്കെതിരേ സമരം ചെയ്തവരെ അറസ്റ്റ് ചെയ്തു നീക്കാൻശ്രമിച്ച വനിതാ ഒാഫീസർക്കെതിരേയാണ് എംഎൽഎ തട്ടിക്കയറിയത്. സർക്കിൾ ഒാഫീസർ ചാരു നിഗമാണ് ബിജെപി എംഎൽഎ മോഹൻദാസ് അഗർവാളിന്റെ ശകാരത്തിന് ഇരയായത്. ചാരു നിഗം പൊട്ടിക്കരയുന്നതുവരെ എംഎൽഎ ശകാരം തുടർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ചാനലുകൾ പുറത്തുവിട്ടു. കരീംനഗർ പ്രദേശത്തെ ഒരു മദ്യശാലയ്ക്കെതിരേ പ്രതിഷേധം നടത്തിയവരെയാണ് പോലീസ് നീക്കം ചെയ്തത്. എൺപതു വയസുകാരിയെ വലിച്ചിഴച്ചതാണു പ്രകോപനത്തിനു കാരണം. പ്രതിഷേധക്കാരുടെ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ മോഹൻദാസ് അഗർവാൾ എംഎൽഎ, ജനവാസകേന്ദ്രങ്ങളിൽ മദ്യശാല പാടില്ലെന്നാണ് ആദിത്യനാഥ് മന്ത്രിസഭയുടെ തീരുമാനമെന്നു മോഹൻദാസ് ചാരു നിഗത്തോടു പറഞ്ഞു. തുടർന്ന് ഇരുവരും വാഗ്വാദത്തിലേർപ്പെടുകയും ഒടുവിൽ വനിതാ ഒാഫീസറുടെ കരച്ചിലിൽ കലാശിക്കുകയുമായിരുന്നു. അതെസമയം താൻ കരഞ്ഞതിനെ ആരും തന്റെ ബലഹീനതയായി കാണരുതെന്ന് ചാരു നിഗം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. പരസ്യമായി അപമാനിച്ച എംഎൽഎക്കുള്ള മറുപടിയായിരുന്നു അത്. ""ഏതവസ്ഥയിലും തളരാതെ മുന്നോട്ടുപോകാനാണ് എനിക്കു കിട്ടിയ പരിശീലനം പഠിപ്പിച്ചിരിക്കുന്നത്. ആ സമയത്ത് എസ്പി ഗണേഷ് സാഹാ സർ സ്ഥലത്തെത്തുമെന്നോ മറ്റുള്ളവരെ അവഗണിച്ച് എന്നോട് സംസാരിക്കുമെന്നോ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് എന്തെങ്കിലും പരിക്കു പറ്റിയോ എന്നാണ് അദ്ദേഹം ആദ്യം അന്വേഷിച്ചത്. സാർ എത്തുന്നതു വരെ സ്ഥലത്തുണ്ടായിരുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥ ഞാനായിരുന്നു. എന്നാൽ, സാർ എത്തിക്കഴിഞ്ഞ് സേനയോടൊപ്പം നിന്നപ്പോൾ പെട്ടെന്നു കരഞ്ഞുപോയതാണ്. എല്ലാറ്റിനും സാക്ഷിയായി മാധ്യമങ്ങൾ അവിടെയുണ്ടായിരുന്നതുകൊണ്ടാണ് അവർ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്’- ചാരു പോസ്റ്റിൽ പറയുന്നു. സത്യം പുറത്തുകൊണ്ടുവന്നതിനും കൃത്രിമത്വമില്ലാതെ ദൃശ്യങ്ങൾ കാണിച്ചതിനും മാധ്യമങ്ങളോട് നന്ദി പറയുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ പുതുതായി രൂപംകൊണ്ട ആന്റി-റോമിയോ സ്ക്വാഡിൽ (പൂവാലവിരുദ്ധ സേന) സജീവ സാന്നിധ്യമായിരുന്നു ചാരു നിഗം. സിങ്കം എന്ന സിനിമയെ അനുസ്മരിച്ചു ലേഡി സിങ്കം എന്നായിരുന്നു ചില മാധ്യമങ്ങൾ ചാരു നിഗത്തെ വിശേഷിപ്പിച്ചിരുന്നത്.