കാത്തിരിപ്പിന് വിരാമം, ഉത്തരവ് പുറത്തിറങ്ങി: സെൻകുമാർ വീണ്ടും ഡിജിപി തിരുവനന്തപുരം: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ ടി.പി.സെൻകുമാർ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റു. സർക്കാർ ഉത്തരവ് കൈപ്പറ്റിയ ശേഷം ചുമതലയേറ്റെടുക്കാനെത്തിയ സെൻകുമാർ പോലീസ് ആസ്ഥാനത്ത് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് ഓഫീസിലെത്തിയ അദ്ദേഹത്തെ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് ബെഹ്റയിൽ നിന്ന് ബാറ്റൺ സ്വീകരിച്ച അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ടി.പി.സെൻകുമാറിനെ ഡിജിപിയായി സർക്കാർ വീണ്ടും നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. ഉത്തരവിൽ വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി ഒപ്പുവച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ കാരണം ഇന്ന് ഉച്ചയോടെയാണ് ഉത്തരവ് പുറത്തിറങ്ങിയത്. പ്രത്യേക ദൂതൻ വഴി ഉത്തരവ് സെൻകുമാറിന് കൈമാറും. ഉത്തരവ് ലഭിച്ചാൽ ഇന്ന് തന്നെ സ്ഥാനം ഏറ്റെടുക്കുമെന്ന് സെൻകുമാർ രാവിലെ പ്രതികരിച്ചിരുന്നു. തലസ്ഥാനത്തുള്ള അദ്ദേഹം ഐഎംജി ഓഫീസിൽ തുടരുകയാണ്. ഉത്തരവ് പരിശോധിച്ച ശേഷം വൈകിട്ടോടെ അദ്ദേഹം ഡിജിപി ഓഫീസിലെത്തി സ്ഥാനമേൽക്കും. സെൻകുമാറിന്‍റെ നിയമനത്തോടെ പോലീസ് മേധാവി സ്ഥാനം നഷ്ടമാകുന്ന ലോക്നാഥ് ബെഹ്റയ്ക്ക് വിജിലൻസ് ഡയറക്ടർ സ്ഥാനം നൽകാനും സർക്കാർ തീരുമാനിച്ചു. ഡിജിപി സ്ഥാനത്ത് ശേഷിക്കുന്ന കാലാവധികൊണ്ട് നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും. മുഖ്യമന്ത്രി നടത്തിയ റേഞ്ച് യോഗങ്ങളിൽ നൽകിയ നിർദേശങ്ങൾ നടപ്പിലാക്കും. സ്ത്രീ സുരക്ഷ വർധിപ്പിക്കുന്നതിനും റോഡ് അപ കടങ്ങൾ കുറക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സെൻകുമാർ വ്യക്തമാക്കി.