സാസൗത്ത് ഏഷ്യ സാറ്റലൈറ്റ് ഇന്ന് കുതിക്കും

ശ്രീഹരിക്കോട്ട: ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള ഇന്ത്യയുടെ സമ്മാനം സൗത്ത് ഏഷ്യ സാറ്റലൈറ്റിന്‍റെ വിക്ഷേപണം ഇന്ന്. സബ്കാ സാത്, സബ്കാ വികാസ് ആശയവുമായി തുടക്കം കുറിച്ച സൗത്ത് ഏഷ്യ സാറ്റലൈറ്റ് ഇന്ത്യ വിക്ഷേപിക്കുന്ന കാര്യം കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിവാര റേഡിയോ പരിപാടിയായ മൻകി ബാത്തിലൂടെയാണു പ്രഖ്യാപിച്ചത്. പാക്കിസ്ഥാൻ ഒഴികെയുള്ള സാർക്ക് രാജ്യങ്ങളെയും ഉൾപ്പെടുത്തിയാണ് പദ്ധതി. 450 കോടി രൂപയുടെ പദ്ധതിയാണ് ഇന്നു നടക്കുന്ന വിക്ഷേപണത്തോടെ പൂർത്തിയാവുന്നത്. വികൃതിച്ചെറുക്കൻ എന്നാണ് സാറ്റലൈറ്റിന് ഐഎസ്ആർഒ നൽകിയിരിക്കുന്ന വിളിപ്പേര്. 50 മീറ്റർ ഉയരവും 412 ടണ്‍ ഭാരവുമുള്ള ജി സാറ്റ് 9 റോക്കറ്റായിരിക്കും ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിയ്ക്കുക. ഇന്നു വൈകുന്നേരം 4.57 നാണ് വിക്ഷേപണം. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സഹകരണം ലക്ഷ്യമിട്ട് ഇന്നു വിക്ഷേപിക്കുന്ന ഉപഗ്രഹം സാർക് രാജ്യങ്ങളായ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, മാലദ്വീപ്, അഫ്ഗാനിസ്ഥാൻ എന്നിവയുടെ വികസനത്തിനുവേണ്ടി സൗജന്യമായി ഉപയോഗിക്കാൻ കഴിയും. 2014ലാണ് ഇന്ത്യ ഈ പദ്ധതിയുമായി രംഗത്തെത്തുന്നത്. സാർക്ക് സാറ്റലൈറ്റ് എന്നായിരുന്നു ആദ്യം ഉപഗ്രഹത്തിന് പേരിട്ടിരുന്നത്. നിർഭാഗ്യവശാൽ ഈ പദ്ധതിയിൽനിന്ന് പാക്കിസ്ഥാൻ പിൻമാറിയതോടെ സൗത്ത് ഏഷ്യ സാറ്റലൈറ്റ് എന്ന് പേരു മാറ്റിനൽകുകയായിരുന്നു. ദക്ഷിണേഷ്യൻ റീജണിലുള്ള രാജ്യങ്ങൾക്ക് ആശയവിനിമയം, ദുരിതാശ്വാസം എന്നിവയ്ക്ക് വേണ്ടിയുള്ളതാണ് ഉപഗ്രഹം.