തിരുവനന്തപുരം: ടി.പി. സെൻകുമാർ സംസ്ഥാന പോലീസ് മേധാവിയായി തിരിച്ചെത്തുന്നതിനു തൊട്ടു മുമ്പു പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റി. എസ്പി മുതൽ എഡിജിപി വരെയുള്ള ഉദ്യോഗസ്ഥരെ മാറ്റിയാണു പൊതുഭരണ വകുപ്പ് ഉത്തരവ്. ടോമിൻ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചു. തീരദേശ പോലീസ് എഡിജിപിയായിരുന്നു ടോമിൻ ജെ. തച്ചങ്കരി. പോലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന അനിൽ കാന്തിനെ വിജിലൻസ് എഡിജിപിയായി മാറ്റി നിയമിച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ഒഴിവുള്ള എഡിജിപി തസ്തികയിലാണു നിയമനം. ഷേക് ദർബേഷ് സാഹിബാണു മറ്റൊരു എഡിജിപി. ജേക്കബ് തോമസ് അവധിയിൽ പോയതിനെ തുടർന്നു ലോക്നാഥ് ബെഹ്റയാണു വിജിലൻസ് ഡയറക്ടറുടെ ചുമതല വഹിക്കുന്നത്. പോലീസ് ആസ്ഥാനത്തെ ഐജിയായി ബൽറാം കുമാർ ഉപാധ്യായയെ നിയമിച്ചു. അദ്ദേഹം വഹിച്ചിരുന്ന കേരള പോലീസ് ഹൗസിംഗ് ആൻഡ് കണ്സ്ട്രക്ഷൻ കോർപറേഷൻ എംഡിയുടെ അധിക ചുമതലയും ഉപാധ്യായ വഹിക്കും. എറണാകുളം റേഞ്ച് ഐജി പി. വിജയനു തീരദേശ പോലീസിന്റെ അധിക ചുമതല നൽകി. പോലീസ് ആസ്ഥാനത്ത് ഡിഐജി ആയിരുന്ന കെ. ഷെഫീൻ അഹമ്മദിനെ ആംഡ് പോലീസ് ബറ്റാലിയൻ ഡിഐജിയായി നിയമിച്ചു. എസ്പി ആയിരുന്ന കലിരാജ് മഹേഷ് കുമാറിനെ തിരുവനന്തപുരം റെയിൽവേ പോലീസ് എസ്പി ആയി നിയമിച്ചു. പോലീസ് ആസ്ഥാനത്തെ എഐജി മുഹമ്മദ് ഷബീറിനെ തിരുവനന്തപുരം സിബിസിഐഡി എസ്പിയാക്കി മാറ്റി നിയമിച്ചു.