തിരുവനന്തപുരം: സൗഹൃദം പ്രണയത്തിനു വഴിമാറി. ഒടുവിൽ മനം പോലെ മംഗല്യവും. അരുവിക്കര എംഎൽഎ കെ.എസ്. ശബരീനാഥനും തിരുവനന്തപുരം സബ്കളക്ടർ ദിവ്യ എസ്. അയ്യരും വിവാഹിതരാകുന്നു. തലസ്ഥാനത്തു പൊതുപ്രവർത്തനവും ഉദ്യോഗവും തുടരുന്നതിനിടയിൽ ശബരീനാഥനും ദിവ്യയും തമ്മിലാരംഭിച്ച സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ഇരുകുടുംബങ്ങളും തമ്മിൽ സംസാരിച്ചു തീരുമാനമെടുക്കുകയും കഴിഞ്ഞയാഴ്ച വിവാഹം ഉറപ്പിക്കുകയുമായിരുന്നെന്ന് ശബരീനാഥൻ അറിയിച്ചു. വിവാഹം ജൂണ്‍ അവസാനത്തോടെ ഉണ്ടാകുമെന്നും ശബരീനാഥൻ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ജി. കാർത്തികേയന്റെ നിര്യാണത്തെ തുടർന്നാണ് മകൻ ശബരീനാഥൻ രാഷ്ട്രീയരംഗത്തേക്കു കടന്നുവന്നത്. കാർത്തികേയൻ പ്രതിനിധാനം ചെയ്ത അരുവിക്കര മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു കയറിയ ശബരീനാഥൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മിന്നുന്ന വിജയം നേടി. ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയ ശബരീനാഥൻ എംബിഎ ബിരുദധാരിയാണ്. ടാറ്റ ഗ്രൂപ്പിലെ ജോലി ഉപേക്ഷിച്ചാണു രാഷ്ട്രീയത്തിലെത്തിയത്. ഐഎഎസുകാരി എന്നതിനു പുറമേ ഗായിക, നർത്തകി, അഭിനേതാവ് എന്നീ നിലകളിലും പ്രഗല്ഭയായ ദിവ്യ എസ്. അയ്യർ തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശിയാണ്. ഐഎസ്ആർഒ റിട്ടയേഡ് ഉദ്യോഗസ്ഥനായ ശേഷാ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകൾ.