കോഴിക്കോട്: ഡോക്ടർമാർക്കെതിരെ അന്യായ ആരോപണങ്ങൾ ചുമത്തി അവരെ മർദിക്കുന്നതും മാനസികമായി തളർത്തുന്നതും പതിവായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ വേണ്ടി വന്നാൽ ക്വട്ടേഷൻ നൽകുമെന്ന് ഐഎംഎ. ചികിത്സാപ്പിഴവ് ആരോപിച്ചു ഡോക്ടര്‍മാര്‍ക്കെതിരേ നടക്കുന്ന അതിക്രമം പ്രതിരോധിക്കുന്നതിന് ആശുപത്രികളിൽ ബൗൺസർമാരെ ഏർപ്പാടാക്കും. രോഗികൾക്കായി സകല ത്യാഗങ്ങളും സഹിക്കുന്ന ഡോക്ടർമാരെ മാനസികമായി തളർത്തുന്നതു കണ്ടു നിൽക്കാൻ സംഘടനയ്ക്കു സാധിക്കില്ല. പ്രശ്നക്കാരെ നേരിടാന്‍ ബാറുകളിലും നൈറ്റ് ക്ലബുകളിലുമുള്ളപോലെ പ്രത്യേകം ജീവനക്കാരെ നിയോഗിക്കുന്ന കാര്യം പരിഗണനയിലാണ്. ഇതുകൊണ്ടും പരിഹാരമായില്ലെങ്കില്‍ ഗുണ്ടകളെ ഉപയോഗിച്ചും പ്രശ്ന പരിഹാരത്തിനു ശ്രമം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ മാസം വടകര ആശാ ഹോസ്പിറ്റലില്‍ ഡ്യൂട്ടി ഡോക്ടറെ മർദിച്ച കേസിലെ പ്രതികള്‍ക്കെതിരേ നടപടിയെടുക്കാത്ത പോലീസ് നിലപാടുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തിലാണ് ഐഎംഎ ഭാരവാഹികള്‍ നിലപാടു വ്യക്തമാക്കിയത്. ഭീഷണിയായി കണക്കാക്കിയാലും പ്രശ്നമില്ലെന്നും നീതി ലഭിക്കാതെ മുന്നോട്ടു പോകാൻ പ്രയാസമാണെന്നും അവർ പറഞ്ഞു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ചു സംഘടന ഇന്നു രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ കോഴിക്കോട് ജില്ലയില്‍ മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 2012ലെ ആശുപത്രി സംരക്ഷണ നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പ് നിലവിലുണ്ടെങ്കിലും പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നു സംഘടനയുടെ കോഴിക്കോട് ജില്ലാ ഭാരവാഹിയായ ഡോ.അജിത് ഭാസ്കര്‍ പറഞ്ഞു. ചികിത്സാ പിഴവെന്നു മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന വാക്കുപോലും ശരിയല്ല. എങ്ങനെ ചികിത്സിക്കണമെന്നും എത്ര മരുന്ന് നല്‍കണമെന്നും രോഗികളുടെ ബന്ധുക്കളല്ല തീരുമാനിക്കേണ്ടത്. ഡോക്ടര്‍മാര്‍ക്കു പിഴവ് സംഭവിച്ചാല്‍ തക്കതായ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട സമിതികളും ഘടകങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. നിരപരാധികളായ ഡോക്ടര്‍മാരാണ് ഇവരുടെ നിയമലംഘനത്തിന് ഇരകളാകുന്നതെന്നും ഐഎംഎ പറയുന്നു.