തിരുവനന്തപുരം: ഡിജിപി ടി.പി. സെൻകുമാറിനു സംസ്ഥാന പോലീസ് മേധാവിയായി പുനർനിയമനം നൽകുന്ന നടപടി വൈകും. സുപ്രീംകോടതി വിധിയുടെ രജിസ്ട്രാർ ജനറൽ സർട്ടിഫൈചെയ്ത കോപ്പി ലഭിക്കാതിരുന്നതാണു നിയമനം വൈകാൻ കാരണമെന്നാണു സർക്കാരുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഇതുസംബന്ധിച്ചു സ്വീകരിക്കേണ്ട തുടർ നടപടി സംബന്ധിച്ച നിയമോപദേശം പൂർണമായി ലഭിക്കാത്ത സാഹചര്യത്തിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇതു പരിഗണനയ്ക്കു വന്നില്ല. അതേസമയം, നിലവിലെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കേന്ദ്രഡെപ്യൂട്ടേഷനിൽ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) പോകാനുള്ള തയാറെടുപ്പുകൾ നട ത്തുക യാണ്. അഡീഷണൽ ഡയറക്ടറുടെ ഒഴിവ് നിലവിലുണ്ട്. ഈ തസ്തികയിലേക്കാണെങ്കിലും പോകാനാണു ശ്രമം. അടുത്തിടെ വിവിധ സംസ്ഥാനങ്ങളിലെ ആറു ഡിജിപിമാർ വിരമിച്ച സാഹചര്യത്തിൽ ലോക്നാഥ് ബെഹ്റയ്ക്കു ഡിജിപി കേഡർ തസ്തിക ലഭിക്കും. ഇതോടെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ വിവിധ വിഭാഗങ്ങളിൽ ഡയറക്ടർ തസ്തികയിൽ നിയമനം ലഭിക്കുമെന്നാണു കരുതുന്നത്. സംസ്ഥാന പോലീസ് മേധാവിയായി നിയമനം നൽകണമെന്ന് ആവശ്യപ്പെട്ടു സെൻകുമാർ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കു കത്തു നൽകിയിരുന്നു.