നെയ്യാറ്റിൻകര: പലിശപ്പണം നൽകാത്തതിന്റെ പേരിൽ വീടു കയറി ദന്പതിമാരെയും കുട്ടിയെയും ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെണ്‍പകൽ പിടിപി നഗർ കുണ്ടറത്തല മേലേ പുത്തൻവീട്ടിൽ വിമൽകുമാറി (39) നെയാണ് നെയ്യാറ്റിൻകര എസ്ഐ എസ്.പി. സുജിത്തും സംഘവും അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര കവളാകുളം പുതുക്കര മേലെ പുത്തൻവീട്ടിൽ അനിൽകുമാർ, ഭാര്യ ശ്രീജ, മകൾ ഒന്‍പതുവയസുള്ള അനുശ്രീ എന്നിവരെ മർദിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. അനിലും ഭാര്യയും മകളും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം പോലീസ് വിമലിനു വേണ്ടി ഉൗർജിതമായ അന്വേഷണം നടത്തി. നെയ്യാറ്റിൻകര പോലീസ് ഇൻസ്പെക്ടർക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്ഐ യും സംഘവും പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സാബു, സിപിഒ മാരായ അനിൽചിക്കു, സുനു എന്നിവരും സംഘത്തിലുണ്ടായിരുന്നു.